ലണ്ടന്‍: വാനക്രൈ ആക്രമണം വീണ്ടും. ഇന്ത്യ, യുകെ, റഷ്യ തുടങ്ങി ഏഴ് രാജ്യങ്ങളിലാണ് റാന്‍സംവെയര്‍ ആക്രമണം ഉണ്ടായത്. പിയെച്ച എന്ന പേരിലുള്ള റാന്‍സംവെയര്‍ ആണ് ഇന്ത്യയില്‍ ആക്രമണം നടത്തിയത്. മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിന്റെ കംപ്യൂട്ടറുകളില്‍ ‘പിയെച്ച’ റാന്‍സംവെയര്‍ ബാധിച്ചു. ചരക്കു നീക്കത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മുമ്പ് നടന്ന വാനാക്രൈ ആക്രണത്തേക്കാള്‍ അപകടകരമാണ് പിയെച്ച എന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ പിയെച്ച എത്തിയതായി സ്വിസ് സര്‍ക്കാരിന്റെ ഐടി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാനാക്രൈയുടെ പരിഷ്‌കൃത രൂപമാണ് പിയെച്ച. വാണിജ്യ, വ്യാവസായിക മേഖലകളിലാണ് പിയെച്ചയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. റഷ്യന്‍ എണ്ണക്കമ്പനികള്‍, യുക്രൈന്‍ ബാങ്കിങ് സംവിധാനങ്ങള്‍ ഫാക്ടറികള്‍, സൈന്യം എന്നിവയെ ആക്രമണം ബാധിച്ചു. യുഎസ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലും പിയെച്ച കണ്ടെത്തിയിട്ടുണ്ട്. ഇരയുടെ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തശേഷം ഹാര്‍ഡ് ഡ്രൈവിലെ മാസ്റ്റര്‍ ഫയല്‍ ടേബിള്‍ (എംഎഫ്ടി) എന്‍ക്രിപ്റ്റ് ചെയ്യുന്നതാണു പിയെച്ചയുടെ രീതി. തുടര്‍ന്ന് ഫയലുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലാകും. ഇവ തിരിച്ചുകിട്ടാന്‍ പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ ഉണ്ടായ ആക്രമണത്തിനു ശേഷമുണ്ടാകുന്ന ശക്തമായ ആക്രമണമാണ് ഇത്. ഈ ആക്രമണത്തില്‍ 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് ആക്രമണകാരികള്‍ ആവശ്യപ്പെട്ടത്. ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ് കോയിന്‍ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം വന്‍ തോതില്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തവണ 13 പേര്‍ മോചനദ്രവ്യം നല്‍കിയെന്നാണ് വിവരം.
Leave a Reply