ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയ്റോ : ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നായ സൂയസ് കനാലിൽ വൻ ട്രാഫിക് ബ്ലോക്ക്‌. വമ്പന്‍ കണ്ടെയ്‌നര്‍ കപ്പല്‍ നിയന്ത്രണം വിട്ട് ജലപാതയില്‍ കുറുകെ നിന്നതോടെയാണ് പാത പൂർണമായും അടഞ്ഞത്. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ നിരവധി ടഗ് ബോട്ടുകള്‍ കൊണ്ട് വലിച്ചുനീക്കാന്‍ ശ്രമം നടത്തിവരികയാണ്. എന്നാൽ ഈ കപ്പൽ ദിവസങ്ങളോളം ഇവിടെ കുടുങ്ങികിടക്കാൻ സാധ്യതയുണ്ട്. കപ്പലിനെ തിരിച്ചെടുക്കാൻ ഒൻപത് ടഗ് ബോട്ടുകൾ വരെ വിന്യസിച്ചിട്ടുണ്ടെന്ന് കപ്പൽ യാത്ര കൈകാര്യം ചെയ്യുന്ന കമ്പനിയായ ബെർ‌ണാർഡ് ഷുൾട്ട് ഷിപ്പ്മാനേജ്മെന്റ് (ബി‌എസ്‌എം) പറഞ്ഞു. ഇന്നലെ രാവിലെ കപ്പൽ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതായും എന്നാൽ ഉടൻ തന്നെ വീണ്ടും ശ്രമിക്കുന്നതായും ബിഎസ്എം അറിയിച്ചു.

ഇരു കരകളിലും തട്ടി നിൽക്കുന്നതിനാൽ അതിവേഗമുള്ള ഒരു തിരിച്ചുപിടിക്കൽ അസാധ്യമാണ്. സൂയസ് കനാലിന്റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപമായാണ് ചൊവ്വാഴ്ച സംഭവമുണ്ടായത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എവര്‍ ഗിവൻ എന്ന കപ്പലാണ് ബ്ലോക്കുണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതാണ് കപ്പല്‍.

പെട്ടെന്നുണ്ടായ കാറ്റില്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് എവര്‍ ഗ്രീൻ മറൈന്‍ അധികൃതര്‍ പറയുന്നത്. വശത്തേയ്ക്ക് ചരിഞ്ഞതോടെ കപ്പലിന്റെ ഭാഗം കനാലിന്റെ ഒരുഭാഗത്ത് ഇടിക്കുകയും ചെയ്തു. കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാവും കപ്പലിനെ നീക്കാനാവുക. കപ്പൽ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 150 ഓളം മറ്റ് കപ്പലുകളാണ് കനാലിലൂടെ കടന്നുപോകാൻ ഇപ്പോൾ കാത്തുകിടക്കുന്നത്.