ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുക്കാന്‍ കത്തയച്ച കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്നും രോഹിതിന്റെ മരണം കൊലപാതകമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. ആത്മഹത്യയേത്തുടര്‍ന്ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയം രംഗത്തെത്തി. രോഹിത് വെമുലയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഇന്ന് ഹൈദരാബാദിലെത്തും.
രോഹിതിന്റെ മരണത്തില്‍ ആരോപണ വിധേയനായ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുടെ വസതിക്ക് മുന്നില്‍ രാവിലെ പ്രതിഷേധത്തിനത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് ബലമായി നീക്കി. അതിനിടെ രോഹിതിന്റെ മൃതദേഹം പൊലീസ് രഹസ്യമായി സംസ്ക്കരിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഉപ്പലില്‍ വെച്ച് സംസ്ക്കരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതുപ്രകാരം ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉപ്പലില്‍ പോയെങ്കിലും പൊലീസ് അവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവത്രെ. പൊലീസ് അതീവ രഹസ്യമായി അംബര്‍പേട്ടിലെ ശ്മശാനത്തില്‍ രോഹിതിന്റെ മൃതദേഹം സംസ്ക്കരിക്കുകയായിരുന്നു. അംബര്‍പേട്ടിലെ ശ്മശാന ജീവനക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും സഹപാഠികള്‍ പറയുന്നു.
ഞായറാഴ്ച്ച വൈകിട്ടോടെയാണ് സര്‍വകലാശാല ഹോസ്റ്റലില്‍ രോഹിതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രോഹിത് അടക്കം അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകരായ അഞ്ച് ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെ സര്‍വകലാശാല വിസി ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതില്‍ രോഹിതിന് കടുത്ത മനോവിഷമം നേരിട്ടിരുന്നതായി സഹപാഠികള്‍ പറയുന്നു. ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയയ്ക്കും സര്‍വകലാശാല വിസി അപ്പറാവുവിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പട്ടികജാതി, പട്ടിക വര്‍ഗ നിയമപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രോഹിതടക്കമുള്ള എഎസ്എ പ്രവര്‍ത്തകര്‍ക്കെതിരെ എബിവിപിയും ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരും ദേശവിരുദ്ധതയടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും നടപടി എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. വി.സിയുടെ കീഴില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ആരോപണങ്ങള്‍ അന്വേഷിച്ച് കഴമ്പില്ലെന്ന് തെളിഞ്ഞെങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് എം.പിയും തൊഴില്‍ മന്ത്രിയുമായ ബന്ദാരു ദത്തത്രേയ രംഗത്തുവരികയായിരുന്നു.