ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചാൾസ് രാജാവിൻറെ കിരീണ ധാരണത്തോട് അനുബന്ധിച്ച് ബ്രിട്ടീഷുകാർക്ക് അടുത്തവർഷം ഒരധിക ബാങ്ക് അവധി ലഭിക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനക്ക് അറിയിച്ചു. ചടങ്ങുകളോട് അനുബന്ധിച്ച് മെയ് എട്ടാം തീയതി തിങ്കളാഴ്ച യുകെയിൽ ബാങ്ക് അവധി ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. ചാൾസ് രാജാവിൻറെ കിരീട ധാരണം ഇതിന് രണ്ടുദിവസം മുമ്പ് മെയ് 6ന് ശനിയാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ചാണ് നടക്കുക.

മെയ് ഒന്നാം തീയതിയുള്ള ബാങ്ക് അവധി നീട്ടി വയ്ക്കണമോ അതോ അധിക അവധി പ്രഖ്യാപിക്കണമോ എന്ന ചർച്ചക്കൊടുവിലാണ് ഈ തീരുമാനം. ഒരു അധികാവധി സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ബില്യൺ പൗണ്ടിൽ അധികം നഷ്ടമുണ്ടാകുമെന്നുള്ള വസ്തുത സർക്കാരിനെ ആശങ്കയിലാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

1953-ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടത്തിയ ദിവസം അധിക ബാങ്ക് അവധി നൽകിയിരുന്നു. രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള ഒരു അവസരം ആയിരിക്കും ഇതെന്ന് സുനക് പറഞ്ഞു. പുതിയ ഒരു രാജാവിൻറെ കിരീടധാരണം രാജ്യത്തെ സംബന്ധിച്ചിടത്തോളം അതുല്യമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.