ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ന്യൂകാസിൽ: ബ്രിട്ടീഷ് മലയാളികൾക്ക് അഭിമാനമായി പ്രാദേശിക തിരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥിക്ക് വൻ വിജയം. ന്യൂകാസിൽ ബറോയിലെ ബ്ലെക്‌ലോ വാർഡിൽ നിന്ന് ജനവിധി തേടിയ ജുന സത്യൻ, പോൾ ചെയ്ത വോട്ടിന്റെ അറുപതു ശതമാനം നേടിയാണ് വിജയിച്ചത്. ലേബർ പാർട്ടിയുടെ സ്ഥാനാർഥി ആയിരുന്നു. രണ്ടാം സ്ഥാനത്തുള്ള ന്യൂകാസിൽ സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് 23 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. പോൾ ചെയ്ത വോട്ടിന്റെ 13 ശതമാനം നേടിയ കൺസർവേറ്റീവുകൾ മൂന്നാം സ്ഥാനത്തെത്തി.
നോർത്തുംബ്രിയ യൂണിവേഴ്സിറ്റിയിൽ സീനിയർ ലക്ചററായി (ഫിസിക്സ്) ജോലി ചെയ്യുകയാണ് ജുന. മുൻപ് ലണ്ടനിലെ ഇംപീരിയൽ കോളേജിൽ ഓണററി സീനിയർ ലക്ചറർ ആയിരുന്നു. പാലാ സ്വദേശിയായ ജുന കേരളത്തിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി-പിഎച്ച്ഡി ഫിസിക്‌സിൽ തുടർ പഠനങ്ങൾ നടത്തി.
ഭർത്താവ് സത്യൻ ഉണ്ണി, മക്കളായ മിലൻ സത്യ (6), മിലിന്ദ് സത്യ (6) എന്നിവർക്കൊപ്പം ഇപ്പോൾ ന്യൂകാസിലിൽ സ്ഥിരതാമസം. ഭർത്താവിനും മക്കൾക്കുമൊപ്പം ബ്ലെക്‌ലോ പാർക്കിൽ പോയി മാലിന്യം ശേഖരിച്ചു
തുടങ്ങിയതോടെയാണ് ജുന ജനശ്രദ്ധയാകർഷിച്ചത്. 2021ൽ ക്ലീൻ കമ്മ്യൂണിറ്റി ക്ലീൻ വേൾഡ് ഫേസ്ബുക്ക് പേജ് തുടങ്ങി.
പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയും സ്കൂൾ കുട്ടികൾക്കിടയിൽ മാലിന്യ ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിച്ച ക്ലീൻ കമ്മ്യൂണിറ്റി ക്ലീൻ വേൾഡ് ക്യാമ്പെയ്‌ൻ ഇപ്പോഴും ഭംഗിയായി പ്രവർത്തിക്കുന്നു. എല്ലാ ശനിയാഴ്ചയും, ജൂനയുടെ മക്കൾ ഹിൽട്ടൺ പ്രൈമറി അക്കാദമിയിലുള്ള സുഹൃത്തുക്കളോടൊപ്പം മാലിന്യ ശേഖരണത്തിൽ ഏർപ്പെടുന്നു.
Leave a Reply