മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയില്‍ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പോലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
കോട്ടയം സ്വദേശി ശരത്തിനാണ് പോലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത്. ഞായറാഴ്ച വൈകിട്ട് മറ്റൂരിലായിരുന്നു സംഭവം. നെടുമ്പാശ്ശേരി വിമനത്താവളത്തില്‍ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്റെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാല്‍ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരില്‍ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാന്‍ വാഹനം നിര്‍ത്താന്‍ നോക്കിയപ്പോള്‍ ആദ്യം പോലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം
പോലീസ് നിര്‍ദ്ദേശം പാലിച്ച് ഒരു കിലോമീറ്റര്‍ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയില്‍ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു. പോലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കല്‍ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മറുപടി കിട്ടിയില്ലെന്ന് ശരത് പറയുന്നു.
Leave a Reply