‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’യിലെ ഉന്നത ഉദ്യോഗത്തോട് വിടചൊല്ലി കത്തോലിക്കാ സന്യാസം സ്വീകരിച്ച് യുവ എൻജിനീയർ. കുട്ടനാട് സ്വദേശിനിയായ എലിസബത്ത് കുഞ്ചറിയയാണ് ബാങ്കിംഗ് ജോലി മേഖല നൽകുന്ന സുരക്ഷിതത്വം ഉപേക്ഷിച്ച് ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സഭയിൽ സന്യാസവ്രതം സ്വീകരിച്ചത്. പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ഇടവകാംഗവും വിമുക്തഭടനുമായ തോപ്പിൽ ടോമിച്ചന്റെയും ജയ്‌സമ്മയുടെയും മൂത്തമകളാണ് സിസ്റ്റർ എലിസബത്ത് എഫ്.സി.സി.

അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽവെച്ച് ഇക്കഴിഞ്ഞ ദിവസമായിരുന്നു പ്രഥമ വ്രത സ്വീകരണം. എറണാകുളം സെന്റ് മേരീസ് ബസിലിക്ക റെക്ടർ മോൺ. ആന്റണി നരികുളമായിരുന്നു കാർമികൻ. കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം കുട്ടിക്കാലം മുതൽ മനസിൽ സൂക്ഷിച്ചിരുന്നെങ്കിലും ഏതാണ്ട് ഏഴ് വർഷംമുമ്പാണ് വീട്ടുകാരുമായി അക്കാര്യം പങ്കുവെച്ചത്. ഇക്കാലത്തിനിടയിൽ എഞ്ചിനീയറിംഗ് ബിരുദവും ബാങ്ക് ജോലിയും എലിസബത്ത് കരസ്ഥമാക്കിയിരുന്നു.

എന്നാൽ, തന്നെക്കുറിച്ചുള്ള ദൈവഹിതം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞതോടെ, ജോലിയും അത് നൽകുന്ന സാമ്പത്തിക സുരക്ഷിതത്വവും ഉപേക്ഷിക്കാൻ എലിസബത്തിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. തിരുവനന്തപുരം ലൂർദ് എഞ്ചിനിയറിംഗ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ എഞ്ചിനിയറിംഗ് ബിരുദം നേടിയ ശേഷം ഡൽഹിയിൽ ഏതാനും നാൾ ജോലി ചെയ്തു. അതിനു ശേഷം ബാങ്കിംഗ് മേഖലയിലേക്ക് തിരിയുകയായിരുന്നു.

ബാങ്കിംഗ് പരീക്ഷ ഉന്നതനിലയിൽ പാസായ എലിസബത്തിന് അവസരം ഒരുങ്ങിയത് രണ്ട് ബാങ്കുകളിൽനിന്നാണ്. ഏതാണ്ട് മൂന്നു മാസം സിൻഡിക്കറ്റ് ബാങ്കിൽ ജോലി ചെയ്തു. തുടർന്നാണ് എസ്.ബി.ഐയിൽ ജോലിക്ക് ചേർന്നത്. മകൾ ആഗ്രഹിച്ച ജോലി ലഭിച്ചയുടൻ മാതാപിതാക്കൾ വിവാഹാലോചനകൾ ആരംഭിച്ചു. ആ നാളുകളിലാണ് തന്നെക്കുറിച്ചുള്ള ദൈവഹിതം കൂടുതൽ വ്യക്തമാകാൻ എലിസബത്ത് പ്രാർത്ഥിച്ചൊരുങ്ങിയത്.

ഒരു ധ്യാനം കൂടിയശേഷമാകാം വിവാഹമെന്ന മകളുടെ ആഗ്രഹത്തിന് മാതാപിതാക്കളും സമ്മതം അറിയിച്ചു. വിവാഹാലോചകൾ ശക്തമായതോടെ വീണ്ടും ഒരു ധ്യാനത്തിൽ കൂടി പങ്കെടുത്തു. ധ്യാനം കഴിഞ്ഞ ആ നാളുകളിൽ എൽ.എസ്.ഡി.പി സഭാംഗങ്ങളായ കന്യാസ്ത്രീകൾ വീട്ടിലെത്തിയപ്പോഴാണ് കന്യാസ്ത്രീ ആകണമെന്ന മകളുടെ ആഗ്രഹം മാതാപിതാക്കൾ അറിഞ്ഞത്.

ആദ്യം ഉൾക്കൊള്ളാനായില്ലെങ്കിലും മകളെക്കുറിച്ചുള്ള ദൈവഹിതം മാതാപിതാക്കൾ തിരിച്ചറിഞ്ഞതോടെയാണ് ഫ്രാൻസിസ്‌ക്കൻ സഭയിലേക്കുള്ള പ്രവേശനത്തിന് കളമൊരുങ്ങിയത്. യു.കെയിൽ എഞ്ചിനീയറായ തോമാച്ചൻ, പോരുക്കര സെൻട്രൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആൻ മരിയ എന്നിവർ സഹോദരങ്ങളാണ്.