ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിലേക്ക് എത്തുന്ന വിദ്യാർഥികൾ അവരുടെ കോഴ്സുകളിൽ നിന്ന് അകന്ന് ചൂഷണ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മനുഷ്യക്കടത്തിനെതിരെ അതീവ ജാഗ്രത പുലർത്താൻ യൂണിവേഴ്സിറ്റികൾക്ക് നിർദേശം. ഗ്രീൻ‌വിച്ച്, ചെസ്റ്റർ, ടീസ്‌സൈഡ് യൂണിവേഴ്സിറ്റികളിലെ ഇന്ത്യൻ വിദ്യാർഥികൾ യുകെയിൽ എത്തിയതിന് തൊട്ടുപിന്നാലെ ക്ലാസുകളിൽ ഹാജരാകാതിരുന്നതായി ഗാംഗ്‌മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി (ജിഎൽഎഎ) റിപ്പോർട്ടിൽ പറയുന്നു. പിന്നീട് വെയിൽസിലെ കെയർ സെക്ടറിൽ മോശമായ അവസ്ഥയിൽ അവർ ജോലി ചെയ്യുന്നതായി കണ്ടെത്തി. ആഴ്ചയിൽ 80 മണിക്കൂർ വരെ, മിനിമം വേതനത്തിൽ താഴെ ശമ്പളവുമായാണ് അവർ ജോലി ചെയ്തത്.

യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികളുടെ ഹാജർ നില കുറവായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടനിലുടനീളം കെയർ ഹോമുകളിൽ വ്യാപകമായ തൊഴിൽ ചൂഷണം നടക്കുന്നതായി ഒരന്വേഷണത്തിൽ കണ്ടെത്തി. ഇന്ത്യ, ഫിലിപ്പീൻസ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരിൽ നിന്ന് 18,000 പൗണ്ട് വരെ നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ് ഫീസിൽ ഈടാക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടാതെ, അനധികൃതമായി ജോലി ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ച്ചയായ റെയ്ഡുകളും ഇപ്പോൾ നടക്കുന്നു. യുകെയില്‍ പഠിക്കാന്‍ എത്തുമ്പോള്‍ യൂണിവേഴ്‌സിറ്റികൾക്കും വിസ ലഭിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനും നല്‍കുന്ന ഉറപ്പുകള്‍ ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഹോം ഓഫീസ് ഒരുങ്ങുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്റ്റോക് ഓണ്‍ ട്രെന്റില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുകയാണെന്ന വാർത്തകൾ പുറത്തുവന്നു.

ഇന്ത്യൻ വിദ്യാർത്ഥികളെ 24 മണിക്കൂറും ജോലി ചെയ്യാൻ നിർബന്ധിക്കുകയും ഭക്ഷണം കഴിക്കാനാവാത്ത വിധം വളരെ കുറച്ച് ശമ്പളം നൽകുകയും ചെയ്തുവെന്ന് ഒരു ചാരിറ്റി വെളിപ്പെടുത്തി. ഈ കേസ് പോലീസിന് കൈമാറിയിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷാമം കാരണം സ്റ്റുഡന്റ് വിസയിലുള്ള ആളുകളെ ദുരുപയോഗം ചെയ്യുന്ന പ്രവണത ബ്രിട്ടനിൽ വർദ്ധിച്ചുവരികയാണെന്ന് ഫോക്കസ് ഓൺ ലേബർ എക്‌സ്‌പ്ലോയിറ്റേഷന്റെ റിസർച്ച് മാനേജർ മെറി ആൽബെർഗ് പറഞ്ഞു. ഇത് അവസാനിപ്പിക്കാൻ വിദ്യാർഥികളുടെ അപേക്ഷകൾ, ഹാജർ, ഫീസ് അടയ്ക്കൽ എന്നിവ നിരീക്ഷിക്കണമെന്ന് ജിഎൽഎഎ ആവശ്യപ്പെടുന്നു. ഒപ്പം, വിദ്യാർത്ഥി വിസകളുടെ നിരീക്ഷണം വർദ്ധിപ്പിക്കണമെന്നും സർവ്വകലാശാലകൾ ജാഗ്രത പാലിക്കണമെന്നുമുള്ള ആവശ്യങ്ങളും ഉയരുന്നു. ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്കുള്ള ഇന്റർനാഷണൽ സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റിനെ ഉയർന്ന അപകടസാധ്യതയുള്ള മേഖലയായി നോട്ടിംഗ്ഹാം റൈറ്റ്‌സ് ലാബ് വിലയിരുത്തി.