സംസ്ഥാനത്തിന്റെ പല ഭാഗത്തും അടുത്ത ഒന്നുരണ്ടു മണിക്കൂർ ശക്തമായ മിന്നലിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഞായർ വൈകിട്ട് 5 മുതൽ 7 വരെ ജാഗ്രത പാലിക്കണം എന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് വ്യക്തമാക്കി. സംസ്ഥാനത്ത് വേനൽമഴയോടനുബന്ധിച്ച് ഇടിമിന്നലോടു കൂടിയ മഴ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
26ന് ഇടുക്കിയിലും 27ന് കോട്ടയത്തും 28ന് പത്തനംതിട്ടയിലും 29ന് കോട്ടയത്തും 30ന് വയനാടും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴയാണ് പ്രവചിച്ചത്. ഏപ്രിൽ 26 മുതൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു.കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിച്ചേക്കാം.ഇടിമിന്നൽ: ജാഗ്രതാ നിർദേശങ്ങൾ
∙ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
∙ മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
∙ ജനലും വാതിലും അടച്ചിടുക.
∙ ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
∙ ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
∙ ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
∙ കഴിയുന്നത്ര ഗൃഹാന്തർഭാഗത്തെ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
∙ ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
∙ വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
∙ വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
∙ പട്ടം പറത്താൻ പാടില്ല.
∙ തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
∙ ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
∙ ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
∙ വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുത്
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
Leave a Reply