ന്യൂസ് ഡെസ്ക് മലയാളം യുകെ
വെള്ളിയാഴ്ച ഏഴ് ബോട്ടുകളിലായി 292 കുടിയേറ്റക്കാർ ഫ്രാൻസിൽ നിന്ന് യുകെയിലെത്തിയതായി ഹോം ഓഫീസ് അറിയിച്ചു. ഡിസംബർ 3 – ന് 118 പേർ അനധികൃതമായി ഇംഗ്ലീഷ് ചാനൽ കടന്ന് എത്തിയതിന് ശേഷം രേഖപ്പെടുത്തിയ ആദ്യത്തെ അനധികൃത കുടിയേറ്റമാണ് കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ മാസം 300 പേർ ചാനൽ മുറിച്ചു കടന്ന സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായ പരിക്കു പറ്റുകയും ചെയ്തിരുന്നു.
ഇതുവരെ 29,382 അനധികൃത കുടിയേറ്റക്കാർ യുകെയിൽ എത്തിയതായാണ് ഔദ്യോഗിക കണക്കുകൾ . 2022ൽ 45,774 പേരാണ് ചെറുവള്ളങ്ങളിൽ യുകെയിൽ എത്തിയത്. വെള്ളിയാഴ്ച നടന്ന കടന്നുകയറ്റത്തിൽ 60 – തിലധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്. ഫ്രഞ്ച് തീരത്തു നിന്ന് 8 കിലോമീറ്റര്‍ പിന്നിട്ടപ്പോൾ തന്നെ കാറ്റടിച്ച് ബോട്ട് മുങ്ങി . അധികൃതരുടെ! നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഒരു മണിക്കൂറിനുള്ളിൽ 66 പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ .
2021 – നവംബറിൽ ഫ്രാൻസിൽ നിന്ന് യുകെയിലേയ്ക്ക് പോകുമ്പോൾ ബോട്ട് മുങ്ങി 27 കുടിയേറ്റക്കാരോളം! മരിച്ചിരുന്നു. കഴിഞ്ഞദിവസം നടന്ന സംഭവങ്ങൾ മനുഷ്യ കടത്തുകാരുടെ ക്രൂരത വെളിവാക്കുന്നതാണെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. അനധികൃത കുടിയേറ്റങ്ങൾ ഒഴിവാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിലേയ്ക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃത കുടിയേറ്റം ബ്രിട്ടീഷ് രാഷ്ട്രീയത്തിലും വൻ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേയ്ക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള നിയമനിർമ്മാണത്തെ ചൊല്ലി പ്രധാനമന്ത്രി ഋഷി സുനകിന്റെ കസേരയ്ക്ക് ഭീഷണി ഉയരുന്ന തലത്തിലേയ്ക്ക് ഭരണപക്ഷത്ത് വൻ ഭിന്നത രൂപപ്പെട്ടിരുന്നു
Leave a Reply