തായ്‌ലൻഡിലും മ്യാന്‍മറിലും ഉണ്ടായ ഭൂചലനത്തില്‍ നൂറുകണക്കിന് ആളുകൾ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 250 ലധികം പേര്‍ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രതയുള്ള മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. മണ്ഡലെയില്‍ നിന്ന് പതിനേഴ് കിലോ മീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
തായ്‌ലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര്‍ കുടുങ്ങിയതായാണ് വിവരം. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്‌ലൻഡ് അധികൃതര്‍ അറിയിച്ചു.
ഭൂചലനം ഉണ്ടായ സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
ഭൂചലനത്തെ തുടര്‍ന്ന് മ്യാന്‍മറിലും തായ്‌ലന്‍ഡിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മ്യാന്‍മറില്‍ ഹെല്‍പ് ലൈന്‍ തുറന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.
Leave a Reply