ലണ്ടന്‍: ഈസിഫുഡ്‌സ്റ്റോര്‍ അവതരിപ്പിച്ച വന്‍ ഡിസ്‌കൗണ്ട് സെയിലിന് പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണം. തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റുതീര്‍ന്നു. നൂറ് കണക്കിന് പേരാണ് അവസരം മുതലാക്കാന്‍ രംഗത്തെത്തിയത്. ഈസിജെറ്റ് കമ്പനിയുടെ പുതിയ സംരംഭമാണ് ഒരു മാസത്തേക്ക് ഏതെടുത്താലും വെറും ഇരുപത്തഞ്ച് പെന്‍സ് എന്ന ഓഫര്‍ പ്രഖ്യാപിച്ചത്. കടയിലെത്തിയവരെല്ലാം കൈനിറയെ ജാഫാ കേക്കുകളും ഇന്‍സ്റ്റന്റ് കോഫിയും സംസ്‌കരിച്ച ട്യൂണയും അടക്കമുളള സാധനങ്ങള്‍ വാങ്ങിക്കൂട്ടി. രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡിസ്‌കൗണ്ട് ഇനങ്ങളില്‍ പിത്താ ബ്രെഡും ചിപ്‌സുകളും പീസയും മാത്രമാണ് കടയില്‍ അവശേഷിച്ചത്. ഇന്നും ഓഫറുണ്ടെന്ന ധാരണയില്‍ എത്തിയവര്‍ക്ക് വെറും കയ്യോടെ മടങ്ങേണ്ടി വന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സാധനങ്ങളില്ലാത്തതിനാല്‍ കട അടയ്ക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞതായി കടയിലെത്തിയ ഒരു സ്ത്രീ വ്യക്തമാക്കി. തൊണ്ണൂറ് ശതമാനം ഷെല്‍ഫുകളും കാലിയാണെന്നും അവര്‍ പറഞ്ഞു. ടിന്‍ഡ് പീസ്, തക്കാളി സൂപ്പ് തുടങ്ങിയവ മാത്രമേ കടയില്‍ ആകെ അവശേഷിക്കുന്നുളളൂ. നാല് മണിയോടെ തന്നെ കട അടയ്ക്കുകയാണെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതിനിടെ വന്‍ വിലക്കുറവില്‍ സാധനം വാങ്ങാനെത്തിയവര്‍ ഒന്നും കിട്ടാതിരുന്നതിനേത്തുടര്‍ന്ന് ബഹളം വയ്ക്കുന്നുണ്ടായിരുന്നു.
ഇരുപത്തഞ്ച് പെന്‍സ് എന്ന് രേഖപ്പെടുത്തിയ ടാഗിന് താഴെയുളള ഷെല്‍ഫില്‍ ബിസ്‌ക്കറ്റുകള്‍ മാത്രമാണ് ഉളളതെന്ന് കടയ്ക്കുളളില്‍ നിന്നുളള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. എഴുപത്തഞ്ച് ഇനങ്ങള്‍ക്കാണ് വിലക്കിഴവ് ഏര്‍പ്പെടുത്തിയിരുന്നത്. ആദ്യമെത്തിയവര്‍ അവയില്‍ ആകാവുന്നത്ര കരസ്ഥമാക്കി പോകുന്നതും കാണാമായിരുന്നു. ചിലര്‍ വലിയ ബാഗില്‍ നിറയെ സാധനങ്ങളുമായി മടങ്ങുന്ന ചിത്രങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഞ്ചസാര, തേയില, തുടങ്ങി എല്ലാ അവശ്യ സാധനങ്ങള്‍ക്കും വിലക്കിഴിവ് ഉണ്ടായിരുന്നു. ഒരു മാസത്തേക്കാണ് കിഴിവ് പ്രഖ്യാപിച്ചിട്ടുളളത്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അല്ലാത്ത നിത്യോപയോഗ സാധനങ്ങള്‍ക്കാണ് വിലക്കിഴിവ് നിശ്ചയിച്ചിട്ടുളളത്. ഏതായാലും കടയുടമകള്‍ വീണ്ടും സാധനങ്ങള്‍ എത്തിക്കാനുളള തത്രപ്പാടിലാണ്.
2013ലാണ് ഈസിജെറ്റ് കമ്പനി ഉടമകള്‍ ഈസി എന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തേക്ക് കടക്കാന്‍ തീരുമാനിച്ചത്. സൈപ്രസില്‍ ജനിച്ച ബ്രിട്ടീഷുകാരനായ സ്റ്റേലിയോസ് ഹാജി ഇയോനു തന്നെ ആയിരുന്നു ഈ ആശയത്തിനും പിന്നില്‍. തന്റെ സംരംഭങ്ങള്‍ക്കെല്ലാം ഈസി എന്ന ബ്രാന്‍ഡ് നെയിം വേണമെന്നും ഇദ്ദേഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഈസി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പിന്നാലെ ഈസി ഹോട്ടലുകളും ഈസി ബസുകളും ഈസി മൊബൈലും ഈസി ജിമ്മും എല്ലാം അവതരിപ്പിച്ചു.
ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയുളള തന്റെ സംരഭത്തില്‍ ഈ മാസം മുഴുവനും വിലക്കിഴിവ് ലഭ്യമക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. പിന്നീട് അമ്പത് പെന്‍സിന് സാധനങ്ങള്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. തെക്കുകിഴക്കന്‍ ലണ്ടനിലെ പിന്നാക്ക പ്രദേശങ്ങളിലും തങ്ങളുടെ ഷോറൂമുകള്‍ തുറക്കാന്‍ ഈസി ഫുഡ്‌സിന് പദ്ധതിയുണ്ട്. ഇതിന് പുറമെ മിഡ്‌ലാന്‍ഡ്‌സിലും വടക്കന്‍ ലണ്ടനിലും പുതിയ ഷോറൂമുകള്‍ തുറക്കും.
കാരുണ്യ പ്രവര്‍ത്തനമല്ല തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനിയുടെ മാനേജര്‍ റിച്ചാര്‍ഡ് ഷാക്കല്‍ടണ്‍ പറയുന്നു. ലാഭം തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. കുറഞ്ഞ വിലയില്‍ നിന്ന് കൊണ്ട് ചെറിയ ചെറിയ ലാഭം കൊയ്യുക എന്നതാണ് ലക്ഷ്യം. നാനൂറോളം ഉപഭോക്താക്കള്‍ എത്തുന്നുണ്ട്. ഇവര്‍ ഓരോരുത്തരും ശരാശരി പത്ത് സാധനങ്ങള്‍ എന്ന കണക്കില്‍ വാങ്ങുന്നു. പാല്‍ വെണ്ണ, പഴം പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ ഇവര്‍ വില്‍ക്കുന്നില്ല. ഇവിടെ ട്രോളികള്‍ ഇല്ലെന്ന പ്രത്യേകതയും ഉണ്ട്. രണ്ട് പേര്‍ മാത്രമാണ് ജീവനക്കാര്‍.