‘തനിയാവര്‍ത്തനം’ മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞാടിയിട്ട് മുപ്പതുവര്‍ഷം തികയുന്നു. സംവിധായകന്‍ എന്നനിലയില്‍ സിബി മലയിലിനും തിരക്കഥാകൃത്തെന്ന നിലയില്‍ ലോഹിതദാസിനും നടനെന്ന നിലയില്‍ മമ്മൂട്ടിക്കും ഈ ചിത്രം ചലച്ചിത്രയാത്രയിലെ നാഴികല്ലാണ്. എന്നാല്‍ നിര്‍മാതാവ് നന്ദകുമാര്‍ ഈ വെള്ളിവെളിച്ചത്തിലല്ല ജീവിക്കുന്നത്.
നൂറുദിവസം നിറഞ്ഞോടിയ ഒരു ചലച്ചിത്രത്തിന്റെ നിര്‍മാതാവ് ജീവിക്കാനായി ആലപ്പുഴയിൽ ദോശമാവ് വിൽക്കുന്നു. സിനിമയെടുത്ത കാലത്ത് വിതരണക്കാരുണ്ടായിരുന്നു. സിനിമകള്‍ പരാജയപ്പെട്ട് ദോശമാവ് കച്ചവടം തുടങ്ങിയതോടെ നിര്‍മാണവും വിതരണവുമെല്ലാം ഒറ്റയ്ക്കാണ്.
2007 ല്‍ നിര്‍മിച്ച അടിവാരമെന്ന സിനിമയോടെയാണ് നന്ദകുമാറിന്റെ അടിത്തറയിളകിയത്. പിടിച്ചുനില്‍ക്കാനായി പിന്നീട് കണ്ടെത്തിയതാണ് ഈ ദോശമാവ് കച്ചവടം. ഇന്ന് ദേവി ഫുഡ് പ്രൊഡക്ട്സ് ആണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി. തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, യാദവം, അടിവാരം ഒടുവില്‍ കരീബിയന്‍സ്. അങ്ങനെ ആറുസിനിമകള്‍ നിര്‍മിച്ചു. പക്ഷേ ആറാമത്തേത് വേണ്ടായിരുന്നു എന്ന് തുറന്നുപറയാന്‍ മടിയില്ല നന്ദകുമാറിന്.
തനിയാവര്‍ത്തനം നിര്‍മിക്കുമ്പോള്‍ നന്ദകുമാറിന് പ്രായം 26 ആയിരുന്നു. മൂന്നുപതിറ്റാണ്ടുകഴി‍ഞ്ഞെങ്കിലും മറ്റൊരു തനിയാവര്‍ത്തനം സ്വപ്നം കണ്ടാണ് ദോശമാവും പേറിയുള്ള ഈ യാത്ര.