ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ നൂറുകണക്കിന് ജിപി ക്ലിനിക്കുകളുടെ ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു. ഡിജിറ്റൽ സേവനങ്ങൾ നൽകിയിരുന്ന സിലിക്കൺ പ്രാക്ടീസ് (Silicon Practice) എന്ന സാങ്കേതിക സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അഡ്മിനിസ്ട്രേഷൻ നടപടികൾക്ക് വിധേയമായതോടെയാണ് പ്രതിസന്ധി രൂക്ഷമായത് . ഇംഗ്ലണ്ടിലെ ഏകദേശം 500 ജിപി ക്ലിനിക്കുകൾക്കാണ് ഇതിന്റെ ആഘാതമുണ്ടായത്. ക്ലിനിക്കുകളുടെ വെബ്സൈറ്റുകൾ, ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിങ്, ഓൺലൈൻ കൺസൾട്ടേഷൻ തുടങ്ങിയ സേവനങ്ങളാണ് നിലച്ചത്. ലണ്ടൻ, ഗ്ലോസ്റ്റർഷയർ, നോർഫോക്ക് എന്നിവിടങ്ങളിലെ ക്ലിനിക്കുകൾക്കു പുറമെ വെയിൽസിലെ ചില സേവനങ്ങളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ആകെ ജിപി ക്ലിനിക്കുകളുടെ പത്ത് ശതമാനത്തോളം ഈ സ്ഥാപനത്തിന്റെ സേവനമാണ് ഉപയോഗിക്കുന്നത്.

ഓൺലൈൻ സംവിധാനങ്ങൾ ലഭ്യമല്ലാത്തതിനാൽ രോഗികൾക്ക് ഇനി നേരിട്ടോ ഫോൺ മുഖേനയോ ക്ലിനിക്കുകളുമായി ബന്ധപ്പെടേണ്ടിവരും. അതേസമയം, എൻഎച്ച്എസ് ആപ്പ് സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മുതൽ ഇംഗ്ലണ്ടിലെ എല്ലാ ജിപി ക്ലിനിക്കുകളും ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിങ് സൗകര്യം നൽകണമെന്ന് നിർദേശമുണ്ടായിരുന്നു. നിലവിൽ 40 ശതമാനത്തിലധികം അപ്പോയിന്റ്മെന്റുകളും ഓൺലൈൻ വഴിയാണ് നടത്തുന്നത്. അതിനാൽ സേവനങ്ങൾ നിലച്ചത് രോഗികൾക്കും ക്ലിനിക്കുകളിലെ ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് റോയൽ കോളേജ് ഓഫ് ജിപിമാരുടെ പ്രസിഡന്റ് പ്രൊഫസർ വിക്ടോറിയ സോർട്സിയോ ബ്രൗൺ പറഞ്ഞു. ഇതിനകം തന്നെ ജോലിഭാരം നേരിടുന്ന ക്ലിനിക്കുകളിലെ ജീവനക്കാർക്ക് ഫോൺ വഴിയുള്ള അന്വേഷണങ്ങളും അപ്പോയിന്റ്മെന്റ് അഭ്യർഥനകളും അധിക സമ്മർദമുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

പ്രതിസന്ധി നേരിടുന്ന ക്ലിനിക്കുകളുമായി എൻഎച്ച്എസ് ഇംഗ്ലണ്ട് ബന്ധപ്പെട്ടിട്ടുണ്ട്. രോഗികളുടെ ചികിത്സയെ ബാധിക്കാതിരിക്കാനും സേവനങ്ങൾ തുടർന്നുകൊണ്ടുപോകാനുമുള്ള നിർദേശങ്ങളും പിന്തുണയും അധികൃതർ നൽകിവരികയാണ്. ഭൂരിഭാഗം ജിപി വെബ്സൈറ്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും സിലിക്കൺ പ്രാക്ടീസിന്റെ സേവനം ഉപയോഗിച്ചിരുന്ന ചില ക്ലിനിക്കുകളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വക്താവ് വ്യക്തമാക്കി. വെബ്സൈറ്റ് പ്രവർത്തിക്കുന്നില്ലെങ്കിൽ രോഗികൾ പതിവുപോലെ ഫോൺ വഴിയോ നേരിട്ടോ ക്ലിനിക്കുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു. സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കുകയും രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.











Leave a Reply