ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹെങ്ക് കൊടുങ്കാറ്റും കനത്ത മഴയേയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇംഗ്ലണ്ടിലെ നൂറുകണക്കിന് വീടുകളാണ് നശിച്ചത്. ഇതുവരെ 230-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്. മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, തെക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഭൂരിഭാഗം ആളുകളെയും വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ഒഴിപ്പിച്ചു. വെള്ളക്കെട്ടിലായ റോഡുകളും റെയിൽവേ ട്രാക്കുകളും യാത്രകൾ ദുരിതത്തിലാക്കുകയാണ്.

നോട്ടിംഗ്ഹാംഷെയറിൽ ട്രെന്റ് നദിയോട് ചേർന്ന് താമസിക്കുന്ന പലരുടെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിച്ചു. അതേസമയം ചില പ്രദേശങ്ങളിൽ പ്രധാന റോഡുകൾ വിച്ഛേദിക്കപ്പെട്ടു. ഇതിനാൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലാനിരപ്പാണ് ട്രെന്റിൽ എന്ന് പരിസ്ഥിതി ഏജൻസി പറഞ്ഞു. നേരത്തെ 2000 -ത്തിൽ 5.35 മീറ്ററിലെത്തിയതിൽ നിന്ന് ഈ വർഷം ജലനിരപ്പ് 5.5 മീറ്ററിലാണ് എത്തിയിരിക്കുന്നത്.

ഗ്ലൗസെസ്റ്ററിലെ അൽനി ദ്വീപിലെ 50 ഓളം വീടുകൾ ഒഴിപ്പിച്ചതായി എക്സിക്യൂട്ടീവ് ഫ്ലഡ് ഡയറക്ടർ കരോലിൻ ഡഗ്ലസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച യുകെയിലെ പല ഭാഗങ്ങളിലും ആഞ്ഞടിച്ച ഹെങ്ക് കൊടുങ്കാറ്റ് മൂന്ന് മാസത്തിനിടെ രാജ്യം നേരിട്ട എട്ടാമത്തെ കൊടുങ്കാറ്റാണ്. വരും ദിവസങ്ങളിൽ താപനില ഗണ്യമായ രീതിയിൽ കുറയുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.