ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ വിദ്യാഭ്യാസമേഖല മുമ്പെങ്ങുമില്ലാത്ത ഒരു പ്രതിസന്ധിയെ നേരിടുകയാണ്. യുകെയിലെങ്ങുമായി നൂറുകണക്കിന് വിദ്യാലയങ്ങൾ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടാനാണ് തീരുമാനമായിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ച കോൺക്രീറ്റിന്റെ ഗുണനിലവാരത്തെ കുറിച്ച് ഉയർന്ന ആശങ്കയാണ് സ്കൂളുകൾ അടച്ചിടാനുള്ള തീരുമാനത്തിന് പിന്നിൽ.
റിസ്ക് അസസ്മെന്റിനെ തുടർന്ന് എടുത്ത ഈ തീരുമാനം ആയിരക്കണക്കിന് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. പല കുട്ടികളും മഹാമാരിയുടെ സമയത്തെ ലോക്ക്ഡൗണിന് സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ക്ലാസുകൾ മുടക്കം വരാതിരിക്കാനായി പല സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. മഹാമാരിയുടെ സമയത്ത് എല്ലാവരും ഓൺലൈൻ ക്ലാസുകളിൽ കൂടി പഠനം മുന്നോട്ട് കൊണ്ടു പോവുകയായിരുന്നെങ്കിൽ ഇപ്പോൾ ചില സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രം ക്ലാസ് റൂമുകളിലെ അധ്യായനം മുടങ്ങുന്ന സാഹചര്യം ആ സ്കൂളുകളിലെ കുട്ടികളുടെ പഠനനിലവാരത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കൾ . എ-ലെവൽ ജി സി എസ് സി പരീക്ഷകൾ എഴുതുന്ന കുട്ടികളുടെ തുടർ പഠനത്തെ തന്നെ ഈ സാഹചര്യം പ്രതികൂലമായി ബാധിച്ചേക്കാം. നിലവിൽ അടച്ചിടപ്പെട്ടവ കൂടാതെ പരിശോധന നടന്ന മുറയ്ക്ക് കൂടുതൽ സ്കൂളുകൾ അടച്ചിടുപ്പെടുന്ന സാഹചര്യം ഉടലെടുക്കുമെന്നാണ് റിപ്പോർട്ടുകൾ . അതുകൊണ്ട് ഈ പ്രതിസന്ധിയുടെ ആഴം വളരെ ഗുരുതരമായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത് .
പല സ്കൂൾ അധികൃതരും മാതാപിതാക്കൾക്ക് വ്യക്തമായി സ്കൂളുകൾ എന്ന് തുറക്കുമെന്ന വിവരം കൈമാറാത്തത് കടുത്ത ആശങ്കയാണ് മാതാപിതാക്കളിൽ സൃഷ്ടിച്ചിരിക്കുന്നതെന്ന് തൻറെ കുട്ടിയുടെ സ്കൂൾ മുടങ്ങിയ അറിയിപ്പ് ലഭിച്ച വെയ്ക്ക്ഫീൽഡിൽ നിന്നുള്ള ഒരു പിതാവ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. നിലവിൽ സ്കൂളുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ചിലവ് ആര് വഹിക്കും എന്ന കാര്യത്തിലും അനശ്ചിതത്വം തുടരുകയാണ്. ഇതുകൂടാതെ പ്രശ്നബാധിതമായ സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ ഗവൺമെൻറ് തയ്യാറായിട്ടില്ല. പ്രശ്നബാധിത സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ മന്ത്രിമാർ വിസമ്മതിക്കുന്നതിനാൽ പ്രശ്നത്തിന്റെ മുഴുവൻ ചിത്രവും പുറത്തുവന്നിട്ടില്ലെന്ന് വിദ്യാഭ്യാസത്തിനായുള്ള ഷാഡോ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു. അടുത്ത ആഴ്ച പ്രശ്നബാധിത സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ലേബർ പാർട്ടി നിലപാട് ശക്തമാക്കിയിട്ടുണ്ട്.
Leave a Reply