ന്യൂസ് ഡെസ്ക്

കേരളത്തിൽ അതിക്രൂരമായ പീഡനങ്ങൾ ആനകൾക്ക് നേരിടേണ്ടി വരുന്നതിനെതിരെ ലണ്ടനിൽ വൻ പ്രതിഷേധം നടന്നു. എലിഫൻറ് വെൽഫയർ കാമ്പയിനേഴ്സാണ് ലോകത്തിൽ നടക്കുന്നതിൽ വച്ച് ഏറ്റവും ക്രൂരമായ പീഡനമുറയാണ് കേരളത്തിൽ നടക്കുന്നതെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അമ്പലങ്ങളിൽ ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആനകളെ അടിമളെപ്പോലെ ആണ് പരിഗണിക്കുന്നതെന്നും ദേഹോപദ്രവം ഏല്പിക്കുകയും മുറിവുകൾ ഉണ്ടാക്കുകയും ദിവസങ്ങളോളം ചങ്ങലയ്ക്കിട്ട് ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആവശ്യത്തിന് ഭക്ഷണം പോലും കൊടുക്കാറില്ല. ആനകളുടെ ദയനീയമായ സാഹചര്യങ്ങൾ വിവരിക്കുന്ന ചിത്രങ്ങൾ പ്ളാക്കാർഡുകളിൽ പതിപ്പിച്ചാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ മുന്നിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നത്.

നിരവധി സെലബ്രിറ്റികളും എംപിമാരും മൃഗസ്നേഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നാട്ടാനകളുള്ള സംസ്ഥാനമായ കേരളത്തിൽ നടക്കുന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ ഉള്ള മോദിക്ക് പ്രതിഷേധ കൂട്ടായ്മയുടെ സംഘാടകർ കത്ത് കൈമാറിയിട്ടുണ്ട്. മൃഗപീഡനത്തിന്റെ ഗ്രൗണ്ട് സീറോയാണ് കേരളമെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്.

ഇരുമ്പിന്റെ കൊളുത്തുകളും വടിയും ചാട്ടയും ചങ്ങലയും തീയും വരെ ആനയെ പീഡിപ്പിക്കുന്നതിനായി ഉപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രിയ്ക്ക് നല്കിയ നിവേദനത്തിൽ പറയുന്നു. പീഡനങ്ങൾ നിയന്ത്രിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ടൂറിസ്റ്റുകൾ കേരളത്തെ ബഹിഷ്കരിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇൻഷുറൻസ് തുക കൈക്കലാക്കാനായി ആനകളെ പീഡിപ്പിച്ച് കൊല്ലുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മനോഹരമായി അലങ്കരിക്കപ്പെട്ട് ഉത്സവത്തിൽ എഴുന്നള്ളിക്കപ്പെടുന്ന ആനകളുടെ കാണാമറയത്തുള്ള ദുരിതങ്ങൾ ഹൃദയഭേദകമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.  ആനകളെ ഭയപ്പെടുത്തി മനുഷ്യന്റെ നിയന്ത്രണത്തിലാക്കാൻ ഉപയോഗിക്കുന്ന ക്രൂരമായ മുറകൾ മാനവരാശിക്ക് തന്നെ നാണക്കേടാണ്. പൊട്ടിയൊലിക്കുന്ന വ്രണങ്ങളും  ചങ്ങലപ്പാടുകളിൽ നിന്ന് രക്തം വാർന്നൊഴുകുന്നതും കേരളത്തിലെ നാട്ടാനകളുടെ ജീവിതത്തിൽ ഒരു പതിവു കാര്യമാണ്. ഉത്സവത്തിനുപയോഗിച്ചിരുന്ന 58 ആനകളാണ് കഴിഞ്ഞ രണ്ടു വർഷക്കാലത്തിൽ കേരളത്തിൽ ചെരിഞ്ഞത്. ആവശ്യമായ ഭക്ഷണവും വെള്ളവും നല്കാത്തതും കൊടുംചൂടിൽ നൂറുകണക്കിന് കിലോമീറ്ററുകൾ നടത്തുന്നതും ആനകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ആനകൾക്ക് വേണ്ട സംരക്ഷണം നല്കാൻ മൃഗസംരക്ഷണ നിയമങ്ങൾ കർശനമായി പാലിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.