ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങൾ ഉള്ള നൂറ് കണക്കിന് കുട്ടികൾ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് അപ്രത്യക്ഷരായിരിക്കുകയാണെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുകയാണ്. സ്കൂളിൽ ചേരാത്തതോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും വിദ്യാഭ്യാസം നേടുന്നതോ ആയ 2900 കുട്ടികളിൽ 22 ശതമാനം പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങൾ ഉള്ള കുട്ടികളാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്ന വസ്തുതയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കാരണം നിലവിൽ വിദ്യാഭ്യാസ സിസ്റ്റത്തിൽ, പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങൾ ഉള്ള 16 ശതമാനം കുട്ടികൾ മാത്രമാണ് എൻട്രോൾ ചെയ്യപ്പെട്ടിട്ടുള്ളത് എന്നതാണ്. ഇത്തരത്തിൽ പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള കുട്ടികൾക്ക് സ്കൂളിൽ പോകുവാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് പ്രാഥമികമായി പരിഗണിക്കേണ്ടതെന്ന് ചിൽഡ്രൻസ് കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ പറഞ്ഞു.

2022 നും 2023 നും ഇടയിലുള്ള 12 മാസ കാലയളവിലെ കുട്ടികളുടെ കമ്മീഷണറുടെ ഓഫീസിൽ നിന്നുള്ള ഡാറ്റയിൽ, 11,600 കുട്ടികളെയാണ് വിദ്യാഭ്യാസ സിസ്റ്റത്തിൽ നിന്ന് നഷ്ടമായിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നുണ്ട്. അവരിൽ പലരും ആ കാലയളവിന്റെ അവസാനത്തോടെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് തിരിച്ചുവന്നു എന്ന വാർത്ത ആശ്വാസകരമാണ്. എന്നാൽ അവസാന ഡാറ്റ 2900 എന്ന കണക്കിലേക്കാണ് എത്തിച്ചേരുന്നത്. ഇവരാരും തന്നെ സ്കൂളുകളിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇവർക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്നത് പോലും വ്യക്തമാകാത്ത സാഹചര്യമാണെന്നും ചിൽഡ്രൻസ് കമ്മീഷണർ വ്യക്തമാക്കി. സ്കൂളിൽ വിദ്യാഭ്യാസം ലഭിക്കേണ്ട പ്രായത്തിൽ, സ്കൂളിൽ രജിസ്റ്റർ ചെയ്യാത്ത കുട്ടികളെയാണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് കാണാതായ കുട്ടികളായി പരിഗണിക്കുന്നത്. ഇവരിൽ കുറെയധികം പേർ വീടുകളിൽ തങ്ങൾക്ക് അനുകൂലമായ സാഹചര്യത്തിൽ വിദ്യാഭ്യാസം നേടുന്നവരുമുണ്ട്. ഇത്തരം ഒരു സാഹചര്യം അടിയന്തരമായി പരിഗണിക്കേണ്ടതാണെന്ന് ചിൽഡ്രൻസ് കമ്മീഷണർ ഓർമ്മിപ്പിച്ചു.

പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുള്ള കുട്ടികളുടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും, കുട്ടികളുടെ ഹാജർ ഉറപ്പാക്കുന്നതിനും ആണ് മുൻഗണന നൽകേണ്ടതെന്ന് അവർ ഓർമ്മിപ്പിച്ചു. പലയിടങ്ങളിലും സാമ്പത്തികമാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമായി തീരുന്നത്. എന്നാൽ സെൻ കുട്ടികളിൽ ഒരു വിഭാഗത്തിന് മാത്രമേ പ്രാദേശിക അധികാരികൾ ഫണ്ട് ചെയ്യുന്ന ഇ എച്ച് സി പി ലഭിക്കുകയുള്ളൂ. ഒരു വിദ്യാർത്ഥിയുടെ പ്രത്യേക വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക പരിചരണ ആവശ്യകതകൾ എന്തൊക്കെയാണെന്നും അവ നിറവേറ്റുന്നതിന് വിവിധ സേവന ദാതാക്കൾക്ക് എന്താണ് ആവശ്യമെന്നും വ്യക്തമാക്കുന്ന ഒരു നിയമ രേഖയാണ് ഇ എച്ച് സി പി. ചിലയിടങ്ങളിൽ മാതാപിതാക്കൾക്ക് ട്രൈബ്യൂണൽ വരെ നിയമനടപടികൾ പോകേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ കുട്ടികൾക്ക് ആവശ്യമായ പരിഗണനകൾ കൃത്യമായി ലഭിക്കണമെന്നും, അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടാകണമെന്നും ചിൽഡ്രൻസ് കമ്മീഷണർ ശക്തമായി ഓർമ്മിപ്പിച്ചു