ന്യൂസ് ഡെസ്ക് മലയാളം യുകെ

പോലീസ് സേനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി 1992-ൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ. നീതിക്കുവേണ്ടി താൻ കാത്തിരിക്കേണ്ടി വന്നത് നീണ്ട മുപ്പത് വർഷങ്ങളാണ് എന്നാരോപിച്ചാണ് നീക്കം. 1992-ൽ ഏഴുവയസ്സുകാരിയായ നിക്കി അലനെ സൺഡർലാൻഡിലെ ഒരു പൊളിഞ്ഞ കെട്ടിടത്തിൽ കൊണ്ടുവന്ന് തുടർച്ചയായി മർദ്ദിക്കുകയും കുത്തി കൊലപ്പെടുത്തുകയും ആയിരുന്നു. കുട്ടിയുടെ മുൻ അയൽവാസിയായ ഡേവിഡ് ബോയ്ഡ്ന് മെയ് മാസം കൊലപാതകത്തിന് ജയിൽ ശിക്ഷ വിധിച്ചു. എന്നാൽ നോർത്തുംബ്രിയ പോലീസ് പ്രതിയെ വേഗം പിടികൂടണമായിരുന്നു എന്ന് നിക്കിയുടെ അമ്മ ഷാരോൺ ഹെൻഡേഴ്സൺ പറഞ്ഞു.

കേസ് തെളിയിക്കാൻ പരാജയപ്പെട്ടതിന് നോർത്തുംബ്രിയ പോലീസ് മുമ്പ് ക്ഷമാപണം നടത്തിയിരുന്നു. നിയമനടപടി തുടരാനുള്ള തന്റെ നീക്കം അഭിഭാഷകർ വഴി നോർത്തുംബ്രിയ പോലീസിലെ ചീഫ് കോൺസ്റ്റബിളിന് കത്തെഴുതാൻ ഒരുങ്ങുകയാണ് ഷാരോൺ ഹെൻഡേഴ്സൺ. നിക്കിയുടെ ബേബി സിറ്ററിന്റെ കാമുകൻ കൂടിയായ ബോയ്ഡിനെ അറസ്റ്റ് ചെയ്യാൻ ഏകദേശം 30 വർഷത്തെ കാലതാമസം നേരിട്ടത് കേസിലെ പോലീസ് അന്വേഷണങ്ങളുടെ കഴിവ് കേടിനെയാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു.

കിഴക്കൻ സണ്ടർലാൻഡിലെ ഹെൻഡനിലെ വെയർ ഗാർത്ത് ഫ്ലാറ്റിലാണ് നിക്കിയും കുടുംബവും താമസിച്ചിരുന്നത്. പ്രതിയായ ബോയിഡിന് രണ്ട് നിലകൾക്ക് താഴെയായിരുന്നു ഇവരുടെ അപ്പാർട്ട്മെന്റ്. അന്ന് ഡേവിഡ് ബോയ്ഡിന് 25 വയസ്സായിരുന്നു പ്രായം. ഒക്‌ടോബർ 7 രാത്രി കാണാതായ നിക്കിയെ ശരീരമാസകലം മുറിവേറ്റ നിലയിൽ അടുത്ത ദിവസം രാവിലെ പഴയ ഓൾഡ് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കണ്ടെത്തുകയായിരുന്നു.