തന്റെ ഭാഗം കഴിഞ്ഞെന്നും ഇനിയെല്ലാം മോഹൻലാലിന്റെ കയ്യിലാണെന്നും ഫെയ്സ്ബുക്കിൽ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവെ ഷമ്മി തിലകൻ പറഞ്ഞു.

തിലകനോട് സംഘടന കാണിച്ച അനീതിക്ക് പരിഹാരം നൽകാമെന്ന് മോഹൻലാലിന്റെ ഉറപ്പിന്മേലാണ് ഒടിയനിൽ പ്രകാശ് രാജിന് ഡബ്ബ് ചെയ്തതെന്ന് നടൻ ഷമ്മി തിലകൻ. അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഒരുമാസത്തോളമാണ് ശ്രീകുമാർ മേനോനെ സഹായിക്കാൻ സ്റ്റുഡിയോയിലിരുന്നത്.

സംഘടനയുമായുള്ള പ്രശ്നം അവസാനിപ്പിച്ച് സിനിമയിലേക്ക് മടങ്ങിയെത്തണമെന്ന് പറഞ്ഞ ആരാധകനാണ് ഷമ്മി തിലകന്റെ മറുപടി.

”വ്യക്തിപരമായി എനിക്ക് സംഘടനയുമായി പ്രശ്നങ്ങൾ യാതൊന്നും തന്നെ ഇല്ല..!

എൻറെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം.!!

WhatsApp Image 2024-12-09 at 10.15.48 PM

അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18-ലെ മീറ്റിങ്ങിൽ ലാലേട്ടൻ എനിക്ക് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ താൽപ്പര്യാർത്ഥം ഞാൻ അദ്ദേഹത്തിന്‍റെ ‘ഒടിയൻ’ സിനിമയിൽ പ്രതിനായകന് ശബ്ദം നൽകുകയും(ക്ലൈമാക്സ് ഒഴികെ), മറ്റു കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. അഭിനയിക്കാൻ വന്ന അവസരങ്ങൾ പോലും വേണ്ടാന്ന് വെച്ച് ശ്രീ.ശ്രീകുമാർ മേനോനെ സഹായിക്കാൻ ഒരു മാസത്തോളം ആ സ്റ്റുഡിയോയിൽ പ്രതിഫലേച്ഛ ഇല്ലാതെ ഞാൻ കുത്തിയിരുന്നത് 07/08/18-ൽ എനിക്ക് ലാലേട്ടൻ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു.

എന്‍റെ ഭാഗം കഴിഞ്ഞു..!

ഇനി ലാലേട്ടൻറെ കയ്യിലാണ്…!!

അനുഭാവപൂർവ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം”-ഷമ്മി തിലകൻ കുറിച്ചു.