ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന താലിബാൻ പ്രസ്താവന താൻ വിശ്വസിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. യുകെയിൽ പുനരധിവസിപ്പിക്കപ്പെട്ട അഫ്ഗാൻ അഭയാർഥികളിൽ ഭൂരിഭാഗവും സ്ത്രീകളും പെൺകുട്ടികളും ന്യൂനപക്ഷങ്ങളുമാണെന്ന് പട്ടേൽ വെളിപ്പെടുത്തി. യുകെ സർക്കാർ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് ആദ്യ വർഷത്തിൽ 5,000 അഫ് ഗാൻ സ്വദേശികളെ യുകെയിൽ പുനരധിവസിപ്പിക്കുമെന്ന് ഉറപ്പ് നൽകി. എന്നിരുന്നാലും, ഈ പദ്ധതി വേണ്ട രീതിയിൽ മുന്നോട്ട് പോകുന്നില്ലെന്ന് ചില എംപിമാർ വിമർശിച്ചു. “ദീർഘകാലാടിസ്ഥാനത്തിൽ 20,000 അഫ് ഗാൻ അഭയാർത്ഥികളെ യുകെയിൽ പുനരധിവസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അഫ് ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ ഉറപ്പ് നൽകിയെങ്കിലും ഈ സംഘത്തിന് സ്ത്രീകളെ അടിച്ചമർത്തുന്ന ചരിത്രമുണ്ട്. അത് ഒറ്റരാത്രികൊണ്ട് മാറില്ല.” പട്ടേൽ കൂട്ടിച്ചേർത്തു.

താലിബാനെ വിലയിരുത്തുന്നത് അവരുടെ വാക്കുകളിലൂടെയല്ല, പ്രവർത്തികളിലൂടെയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ഒപ്പം ബ്രിട്ടീഷ് സൈനികർ അഫ് ഗാനിസ്ഥാനിലെ സമയോചിതമായ ഇടപെടലിൽ അഭിമാനിക്കണമെന്നും ജോൺസൺ പറഞ്ഞു. അഫ് ഗാൻ പ്രതിസന്ധിയെപറ്റി ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത അടിയന്തര ഹൗസ് ഓഫ് കോമൺസ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ് ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയും താലിബാന്റെ ആധിപത്യം അനുവദിക്കുകയും ചെയ്തതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ എംപിമാർ വിമർശിച്ചു. 700 പേരെ ചൊവ്വാഴ്ച അഫ്ഗാനിൽ നിന്നും പുറത്തേക്ക് കൊണ്ടു പോയെന്നും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അഫ് ഗാനിസ്ഥാനിലെ യുകെ അംബാസഡർ ലോറി ബ്രിസ്റ്റോ പറഞ്ഞു.

ഇന്ന് 1000 പേരെ പുറത്തെത്തിക്കാൻ യുകെ പ്രതീക്ഷിക്കുന്നുവെന്നും 7 വിമാനങ്ങൾ കാബൂളിലേക്ക് അയച്ചതായും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ നിക്ക് കാർട്ടർ അറിയിച്ചു. കാബൂൾ വിമാനത്താവളത്തിന് ചുറ്റും സുരക്ഷ ഒരുക്കുന്ന താലിബാനുമായി ബ്രിട്ടീഷ് സൈന്യം സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. എന്നാൽ 20,000 അഫ്ഗാൻ പൗരന്മാരെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ അതൃപ്തി പ്രകടിപ്പിച്ചു. അത് വളരെ കുറഞ്ഞ സംഖ്യ ആണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.