പാലക്കാട്: വാളയാറില്‍ ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. 20കാരിയായ പെണ്‍കുട്ടിയാണ് വിഷം കഴിച്ച് മരിച്ചത്. ബലാല്‍സംഗം സ്ഥിരീകരിച്ചത് പോസ്റ്റ്‌മോട്ടത്തിലാണ്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ രണ്ടു മാസത്തിനിടെ പീഡനത്തിനിരയാവുകയും ഗുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് 20കാരി ലൈംഗിക പീഡനത്തേത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാര്‍ത്തയും പുറത്തു വരുന്നത്.
മാര്‍ച്ച് ഒന്നിനാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായത്. വീട്ടില്‍ അതിക്രമിച്ചു കടന്ന അയല്‍വാസി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൃത്യത്തിനു ശേഷം ഇയാള്‍ വീട്ടില്‍നിന്ന് രക്ഷപ്പെടുന്നത് ബന്ധുക്കള്‍ കണ്ടിരുന്നു. ഇയാളെ പിടികൂടിയ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുശേഷം വിഷം കഴിച്ച നിലയില്‍ പെണ്‍കുട്ടിയെ ആസുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ ബന്ധുക്കളും അയല്‍വാസിയും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് വ്യക്തമായതിനേത്തുടര്‍ന്ന് വാളയാര്‍ എസ്‌ഐയെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കി. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എംജെ സോജനാണ് കേസ് ഇനി അന്വേഷിക്കുക. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.