ജനന സമയത്തെ ചിത്രം കാണിക്കണമെന്ന് വളർന്നു കഴിഞ്ഞ് എന്റെ മകൻ വാശിപിടിച്ചാൽ ഞാൻ എന്ത് ചെയ്യും? അന്നത്തെ ചിത്രം കാണിച്ചാൽ അവൻ വിശ്വസിക്കുമോ? ഷാൻസ് എന്ന അമ്മയുടെ സംശയം ശരിയാണെന്നു തോന്നും അവരുടെ ഇളയ മകൻ ജെയുടെ ജനനസമയത്തെ ചിത്രം കണ്ടാൽ.
രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോഴും ഷാൻസ് അതീവ സന്തുഷ്ടയായിരുന്നു. എന്നാൽ, താനും കുഞ്ഞും ഇത്ര പെട്ടെന്നു ലോകം മുഴുവൻ അറിയപ്പെടുമെന്നു ഷാൻസ് പ്രതീക്ഷിച്ചതേയില്ല. പ്രശസ്തരായതോ, കുഞ്ഞിന്റെ ശരീര വലുപ്പത്തിന്റെയും ഭാരത്തിന്റെയും പേരിലും. മൂന്നര കിലോഗ്രാമൊക്കെയുള്ള കുട്ടികൾ ജനിക്കുന്പോൾ നമ്മുടെ നാട്ടിൽ ആളുകൾ പറയും നല്ല തൂക്കമുള്ള കുട്ടിയാണെന്ന്. എന്നാൽ, ഇംഗ്ലണ്ടിൽ ജനിച്ച ഈ ഗുണ്ടുമണി കുഞ്ഞിന്റെ ഭാരം കേട്ടാൽ നമ്മുടെ നാട്ടിലെ അമ്മമാർ തലയിൽ കൈവയ്ക്കും.
നിങ്ങളുടെ കുഞ്ഞിനു മറ്റു കുട്ടികളേക്കാൾ വലുപ്പമുണ്ടെന്നു തോന്നുന്നെങ്കിൽ അവരുടെ ചിത്രം പങ്കുവയ്ക്കു എന്ന് ഒരു ടിക്ടോക്കർ പോസ്റ്റ് ചെയ്തതിൽ നിന്നാണ് കാര്യങ്ങളുടെ തുടക്കം. പോസ്റ്റിനോട് അധികമാരും പ്രതികരിച്ചില്ലെങ്കിലും ഷാൻസ് സന്തോഷത്തോടെ മറുപടിയിട്ടു, “ഞാൻ തയാറാണ്’. മറുപടിക്കൊപ്പം ജനിച്ചയുടൻ മകനൊപ്പമെടുത്ത ഒരു സെൽഫിയും ഷാൻസ് പോസ്റ്റ് ചെയ്തു. പിന്നെ എന്താണ് സംഭവിച്ചതെന്നു തനിക്കറിയില്ലെന്നു ഷാൻസ് പറയുന്നു. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി.
പറഞ്ഞതിനേക്കാൾ അൽപം നേരത്തെതന്നെ വന്ന കുഞ്ഞാണ് ജെ. സിസേറിയൻ ആയിരുന്നു. 6.38 കിലോഗ്രാ(14 പൗണ്ട് ആറ് ഔൺസ്)മായിരുന്നു ജനന സമയത്ത് അവന്റെ ഭാരം. നീളം 61 സെന്റിമീറ്ററും. യുകെയിൽ ജനിക്കുന്ന കുട്ടികളുടെ ശരാശരി ശരീരഭാരം മൂന്നു കിലോഗ്രാമാണ്. അപ്പോൾ പിന്നെ ഇവൻ താരമായതിന്റെ കാരണം പറയേണ്ടതില്ലല്ലോ.
നവജാതശിശുക്കൾക്കായുള്ള വസ്ത്രങ്ങൾക്കു പകരം ഞങ്ങൾ അവനുവേണ്ടി വാങ്ങിയത് ഒൻപതു മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങളാണ്. ഇപ്പോൾ അവന് അഞ്ചു വയസായി. അവൻ പൂർണ ആരോഗ്യവാനും ശക്തനുമാണ്’ മറ്റൊരു പോസ്റ്റിൽ ഷാൻസ് കുറിച്ചു.
Leave a Reply