ക്രിക്കറ്റിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് മലയാളി പേസര്‍ താരം എസ്. ശ്രീശാന്ത്. ഇപ്പോഴിതാ ചില ഐ.പി.എല്‍ ടീമുകളില്‍ നിന്ന് ക്ഷണമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അതിന് മുമ്പായി താന്‍ ഫിറ്റാണെന്നും മികച്ച പ്രകടനം നടത്താന്‍ പ്രാപ്തനാണെന്നും തെളിയിക്കേണ്ടതുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
എന്നാല്‍ ഏതൊക്കെ ടീമുകളാണ് ശ്രീശാന്തിനെ സമീപിച്ചതെന്നത് വ്യക്തമല്ല. ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ശ്രീശാന്ത് കേരളത്തിനു വേണ്ടി കളിക്കുന്നുണ്ട്. ‘വാങ്കഡെയിലായിരിക്കും ഞങ്ങളുടെ ആദ്യ മത്സരം. അവിടെ തന്നെയാണ് ഞാന്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ജീവിതം കൃത്യം ഒരു ചക്രം പോലെ കറങ്ങി തിരികെയെത്തുകയാണ്,’ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങാനായാല്‍ 2021-ലെ ഐ.പി.എല്‍ താരലേലത്തിലേക്ക് ശ്രീശാന്തിനെ പരിഗണിക്കച്ചേക്കാം. 2021 ജനുവരി 10നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. ഐ.പി.എല്ലിലേക്കെത്താനൊരുങ്ങുന്ന അഹമ്മദാബാദ് ടീമില്‍ നിന്ന് ശ്രീശാന്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.
2013 ഐ.പി.എല്‍ വാതുവെപ്പ് വിവാദമാണ് ശ്രീശാന്തിന്റെ കരിയര്‍ തകര്‍ത്തത്. 2007ല്‍ ടി20 ലോക കപ്പ് നേടിയപ്പോഴും 2011-ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 2007 ലോക കപ്പ് വിജയം ഉറപ്പിച്ച പാക് താരം മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു.
Leave a Reply