ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിക്കും നേരെ താൻ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച വിവാദം വാർത്തകളിൽ നിറഞ്ഞുനിൽക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഒരു പ്രധാനമന്ത്രിക്കും നേരെ ഞാൻ മോശം പരാമർശങ്ങൾ നടത്താറില്ല. ഇക്കാര്യത്തിൽ അവരുടെ രാഷ്ട്രീയ പാർട്ടി ഏത് എന്നത് എനിക്കു വിഷയമല്ല. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവ വെറും വ്യക്തികളല്ല, അവർ ഓരോ സ്ഥാപനങ്ങളാണ്- ബിഹാറിലെ റോഹ്താസിൽ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ സ്ഥാപനങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നതിനായി പ്രയത്നിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ഈ സ്ഥാപനങ്ങൾ ദുർബലമായി തുടങ്ങിയാൽ ജനാധിപത്യം ദുർബലമാകും. ജനാധിപത്യം ദുർബലമായാൽ രാജ്യം വിഭജിക്കപ്പെടുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് താൻ പറയില്ല. എല്ലാ പാർട്ടികളും എന്തെങ്കിലും സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ പ്രവർത്തന ശൈലികൾ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രാജീവ് ഗാന്ധി വിഷയത്തിൽ കോണ്ഗ്രസും ബിജെപിയും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പാർട്ടി നേതൃത്വത്തെ പരോക്ഷമായി തള്ളി രംഗത്തെത്തുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനായിരുന്നെന്നും നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിരാട് അവധി ആഘോഷിക്കാൻ ഉപയോഗിച്ചെന്നും മോദി ആരോപിച്ചിരുന്നു.
Leave a Reply