ഉക്രെയ്‌നില്‍ റഷ്യന്‍ സൈനികരുടെ ക്രൂരതകള്‍ അനുഭവിക്കാത്തവര്‍ അധികമുണ്ടാവുമെന്ന് തോന്നുന്നില്ല. മാനസികമായോ ശാരീരികമായോ റഷ്യന്‍ സൈനികരുടെ പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നിട്ടുള്ളവരാണ് ഉക്രെയ്‌നില്‍ ശേഷിക്കുന്ന മനുഷ്യരില്‍ ഭൂരിഭാഗം പേരും.

റഷ്യന്‍ പിടിയില്‍ നിന്ന് തിരിച്ചെത്തുന്ന മനുഷ്യരുടെ കഥകളാണ് അവിശ്വസനീയം. ഉറ്റവരോടുള്ള എല്ലാ ക്രൂരതകളും മുന്നില്‍ കണ്ട് ശേഷിച്ച കാലം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവര്‍ ഉക്രെയ്‌നില്‍ ധാരാളമുണ്ട്. സ്വന്തം മരണം മുന്നില്‍ക്കണ്ട അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇത്തരമാളുകളില്‍ ഒരാളാണ് മൈക്കോള കുലിഷെന്‍കോ. റഷ്യന്‍ സൈനികര്‍ ജീവനോടെ കുഴിച്ചു മൂടിയിട്ടും തലനാരിഴയ്ക്ക് രക്ഷപെട്ട കിഴക്കന്‍ ഉക്രെയ്ന്‍ സ്വദേശിയായ യുവാവ്.

യുദ്ധം ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോളാണ് മുപ്പത്തിമൂന്നുകാരനായ മൈക്കോളയും സഹോദരന്മാരും റഷ്യന്‍ സൈനികരുടെ പിടിയിലാകുന്നത്. ഇവരുടെ വീടിന് സമീപത്തു വെച്ച് റഷ്യന്‍ സൈനിക സംഘത്തിന് നേരെ ബോംബ് ആക്രമണം നടന്നിരുന്നു. ആക്രമണം നടത്തിയവരെ പിടികൂടാന്‍ റഷ്യന്‍ സൈന്യം നടത്തിയ ശ്രമത്തിനിടെ മൈക്കോളയും സഹോദരന്മാരും പിടിയിലായി.

ഇവരുടെ വീടിനുള്ളിലേക്ക് ഇരച്ചു കയറിയ സൈന്യം മൈക്കോളയെയും സഹോദരന്മാരെയും മുട്ട് കുത്തി നിര്‍ത്തിച്ച ശേഷം പരിശോധന തുടങ്ങി. ബോംബ് ആക്രമണവുമായി ബന്ധമുള്ള എന്തെങ്കിലും കണ്ടെത്താനാകുമോ എന്നവര്‍ വിശദമായി പരിശോധിച്ചു. മൈക്കോളയുടെ മുത്തച്ഛന്റെ സൈനിക മെഡലുകളും സഹോദരന്‍ യെവ്ഹാന്റെ മിലിട്ടറി ബാഗും കണ്ടെത്തിയതോടെ ഇവരെന്തോ മറച്ചു വയ്ക്കുന്നതായി സൈനികര്‍ക്ക് സംശയമുദിച്ചു. ഒടുവില്‍ മൈക്കോളയെയും രണ്ട് സഹോദരന്മാരെയും സംഘം ഒരു ബേസ്‌മെന്റിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മൂന്ന് ദിവസം ചോദ്യം ചെയ്യല്‍. നാലാം ദിവസം വിട്ടയയ്ക്കുമെന്ന് കരുതിയെങ്കിലും തെറ്റി. ലോഹദണ്ഡ് ഉപയോഗിച്ച് മര്‍ദിയ്ക്കുകയും തോക്കിന്റെ ബാരല്‍ വായില്‍ കുത്തിയിറക്കുകയും ചെയ്തു. ബോധം നഷ്ടമാകും വരെ റഷ്യന്‍ സൈന്യം തങ്ങളെ മര്‍ദിച്ചെന്ന് മൈക്കോള ഓര്‍ക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് മൂന്ന് സഹോദരന്മാരുടെയും കണ്ണുകള്‍ മൂടിക്കെട്ടി ബന്ധിച്ച് സൈനിക വാഹനത്തില്‍ കയറ്റി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. കണ്ണിലെ കെട്ട് അഴിയ്ക്കാതെ തന്നെ മുട്ടുകുത്തി നിര്‍ത്തിച്ചു. ശേഷം സൈന്യം കുഴി കുത്താന്‍ ആരംഭിച്ചു. മൂന്ന് പേരെയും വെടിവെച്ചു കൊന്ന ശേഷം കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യം. ആദ്യം സഹോദരന്‍ ദിമിത്രോയെയാണ് വെടിവെച്ചത്. പിന്നാലെ യെവ്‌ഹെനും വീണു. മൈക്കോളയ്ക്ക് നേരെയെത്തിയ വെടിയുണ്ട കവിളിലൂടെ തുളച്ച് കയറി വലതു ചെവിയുടെ അരികിലൂടെ പുറത്തുപോയി. എന്നാല്‍ ജീവനുണ്ടെന്ന് കണ്ടാല്‍ ഇതിലും ക്രൂരമായിരിക്കും വിധി എന്ന് മനസ്സിലാക്കിയ മൈക്കോളോ മരിച്ചതായി നടിച്ചു.

മൂന്ന് പേരും വീണതോടെ റഷ്യന്‍ സൈനികര്‍ ഇവരുടെ ശരീരങ്ങള്‍ കുഴിയിലേക്ക് ഇട്ട് മേലെ ചെളിയും നിറച്ച ശേഷം മടങ്ങി. കുഴിയ്ക്കുള്ളില്‍ എത്ര നേരം കിടന്നുവെന്ന് ഓര്‍മയില്ലെന്നാണ് മൈക്കോള പറയുന്നത്. എന്നിരുന്നാലും സഹോദരന്റെ മൃതദേഹത്തിന്റെ അടിയില്‍ നിന്ന് ഒരു വിധം മൈക്കോള പുറത്തെത്തി. ദിമിത്രോയുടെ മൃതദേഹം മുകളിലായി കിടന്നിരുന്നതിനാല്‍ ശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ കൈകളും മുട്ടും ഉപയോഗിച്ച് അദ്ദേഹത്തിന്റെ മൃതശരീരത്തെ ഒരു വശത്തേക്ക് നീക്കി മൈക്കോള പുറത്തെത്തി. കുഴിയില്‍ നിന്ന് കയറി ഒരു വിധത്തില്‍ സമീപത്തെ വീട്ടിലെത്തിയ മൈക്കോള ഒരു രാത്രി അവിടെക്കഴിഞ്ഞു. അവിടെയുണ്ടായിരുന്ന സ്ത്രീ തന്നെ നല്ലവണ്ണം പരിചരിച്ചുവെന്ന് മൈക്കോള പറയുന്നു. പിറ്റേ ദിവസം മൈക്കോള സഹോദരിയുടെ അരികിലെത്തിച്ചേര്‍ന്നു. ദിവസങ്ങളായി സഹോദരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവര്‍.

ഭാഗ്യം കൊണ്ട് മാത്രമാണ് താനിപ്പോഴും ജീവനോടെയിരിക്കുന്നതെന്നാണ് മൈക്കോള ആവര്‍ത്തിക്കുന്നത്. തന്റെ കഥ ലോകമെങ്ങുമുള്ളവര്‍ കേള്‍ക്കണമെന്നാണ് മൈക്കോളയുടെ ആഗ്രഹം. ഇങ്ങനെയുമൊരു ലോകമുണ്ടെന്നും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന അനേകമാളുകളില്‍ ഒരാള്‍ മാത്രമാണ് താനെന്നും മൈക്കോള പറയുന്നു.

സിഎന്‍എന്‍ നടത്തിയ ഇന്റര്‍വ്യൂവിലൂടെയാണ് മൈക്കോളയുടെ കഥ പുറംലോകമറിയുന്നത്. ചെറിനിവില്‍ നിന്ന് ഏപ്രിലില്‍ റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷമായിരുന്നു മൈക്കോളയുമായുള്ള ഇന്റര്‍വ്യൂ. സൈന്യം പിന്‍വാങ്ങിയതോടെ ദിമിത്രോയ്ക്കും യെവ്‌ഹെനും കുടുംബം യഥാവിധിയുള്ള സംസ്‌കാരം നടത്തി.