ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഡ്രിഡ്: മൊറോക്കോയുടെ അതിർത്തിയിലുള്ള സ്പാനിഷ് എൻക്ലേവായ സെയൂട്ടയിൽ വൻ കുടിയേറ്റ പ്രതിസന്ധി. ഒരു ദിവസത്തിനിടെ 60,000-ത്തോളം പേർ നഗരത്തിലേക്ക് കടന്നെത്തിയതോടെയാണ് സ്ഥിതി ഗുരുതരമായത്. കടൽ നീന്തിക്കടന്നും അതിർത്തിവേലികൾ മറികടന്നും എത്തിയവരിൽ ഭൂരിഭാഗവും യുവാക്കളാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്പാനിഷ് സുരക്ഷാസേന വ്യാപക നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

മൊറോക്കോയിലെ ഫെസ് സ്വദേശിയായ 26-കാരൻ മുഹമ്മദ് മൂൻസെസെഫ് ഉൾപ്പെടെ നിരവധി പേർ യൂറോപ്പിൽ മികച്ച ജീവിതം തേടിയാണ് അപകടകരമായ യാത്ര നടത്തിയതെന്ന് പറയുന്നു. 40 മിനിറ്റിലധികം സമയം ബാഗുമായി കടലിൽ നീന്തിയാണ് താൻ സെയൂട്ടയിലെത്തിയതെന്ന് മുഹമ്മദ് പറഞ്ഞു. ബ്രിട്ടനിലെത്തണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. അതേസമയം, അതിർത്തി കടക്കാനുള്ള ശ്രമങ്ങൾക്കിടെ ഉണ്ടായ തിരക്കിലും അപകടങ്ങളിലും ഇതുവരെ 67 പേർ മരിച്ചതായി സ്പാനിഷ് അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് സ്പെയിനും മറ്റ് യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ കുടിയേറ്റ നയത്തെച്ചൊല്ലി തർക്കം ശക്തമായിട്ടുണ്ട്. ഫ്രാൻസ് അതിർത്തി നിരീക്ഷണം വർധിപ്പിക്കുകയും ഇറ്റലി സ്പെയിനുമായുള്ള ചില അതിർത്തി ഇളവുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. സെയൂട്ടയിലേക്ക് കൂടുതൽ ആളുകൾ കടക്കുന്നത് തടയാൻ കടലിൽ പ്രത്യേക തടസ്സഭിത്തി നിർമിക്കുന്നതടക്കമുള്ള നടപടികളും സ്പാനിഷ് സർക്കാർ ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ പാർക്കുകളും പൊതുസ്ഥലങ്ങളും ആയിരക്കണക്കിന് കുടിയേറ്റക്കാരാൽ നിറഞ്ഞതോടെ മനുഷ്യാവകാശ സംഘടനകൾ മാനുഷിക പ്രതിസന്ധിയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











Leave a Reply