ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. സെമി സാധ്യത ഉറപ്പിച്ച ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ച് പരമാവധി പോയിന്‍റ് നേടാനാകും ശ്രമിക്കുക. സെമിക്ക് മുന്നോടിയായി റിസര്‍വ് ബെഞ്ചിനെ മല്‍സരിപ്പിക്കാനും ടീം മാനേജ്മെന്‍റ് ആലോചനയിലുണ്ട്. ലങ്കന്‍ പേസ് ബോളര്‍ ലസിത് മലിംഗയുടെ അവസാനമല്‍സരമാകും ഇത്. അവസാന ലീഗ് മല്‍സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.

സെമിയില്‍ ഏത് ടീം ആരെ നേരിടുമെന്നതിന്‍റെ ഉത്തരം ഇനിയുള്ള രണ്ട് ലീഗ് മല്‍സരങ്ങളിലാണ്. നിലവില്‍ പതിമൂന്ന് പോയിന്‍റുമായി ഓസ്ട്രേലിയക്ക് പിന്നിലാണ് ഇന്ത്യ. ലങ്കയ്ക്കെതിരെ ജയിച്ച് 15 പോയിന്‍റ് നേടുകയും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ തോല്‍ക്കുകയും ചെയ്താല്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തും. അങ്ങനെയെങ്കില്‍ ന്യൂസീലന്‍റാകും ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസ് ജയിക്കുകയാണെങ്കില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനേയാകും സെമില്‍ നേരിടേണ്ടി വരിക.

ബാറ്റിങിലെ മധ്യനിരയാണ് ഇന്ത്യന്‍ടീമിന് തലവേദനയാകുന്നത്. മികച്ച തുടക്കങ്ങള്‍ ലഭിച്ചിട്ടും 350 എന്ന സ്കോറിലേക്ക് എത്താന്‍ ഇന്ത്യന്‍ ടീമിനാകുന്നില്ല. ധോണി, കാര്‍ത്തിക്, ജാദവ് എന്നിവര്‍ക്ക് സ്ലോ പിച്ചുകളില്‍ റണ്‍സ് കണ്ടെത്താനാകുന്നില്ലെന്നത് ടീമിന് നല്ല വാര്‍ത്തയല്ല. ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയയും മാത്രമാണ് മിഡില്‍ ഓര്‍ഡറില്‍ സ്ഥിരമായ പ്രകടനം കാഴ്ചവയ്ക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബോളിങിനെ സംബന്ധിച്ച് ഇന്ത്യന്‍ ടീമിന് ആശങ്കകള്‍ ഒന്നുമുണ്ടാകില്ല. ബാറ്റ്സ്മാന്‍മാര്‍ തിളങ്ങാ്ത്ത മല്‍സരങ്ങളില്‍ ഇന്ത്യയെ രക്ഷിച്ചത് ബോളര്‍മാരാണ്. മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ കുറച്ച് കൂടി പിശുക്ക് കാണിക്കണം. ശ്രീലങ്കയ്ക്കെതിരെ രവീന്ദ്ര ജഡേജയെ കളിപ്പിക്കുന്നകാര്യം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.

മധ്യനിര ബാറ്റിങ് തന്നെയാണ് ശ്രീലങ്കയുടെയും പ്രശ്നം. ഓപ്പണര്‍മാരും മൂന്നാമനായി അവിഷ്ക ഫെര്‍ണാണ്ടോയും മികച്ച ഫോമിലാണ് എന്നാല്‍ അതിന് ശേഷം മറ്റാരും ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. ബോളര്‍മാരില്‍ മലിംഗയെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ ശരാശരിയിലും താഴെയാണ്. 2017 ചാംപ്യന്‍സ് ട്രോഫി ആവര്‍ത്തിക്കാനാകും ശ്രീലങ്കയുെട ശ്രമം. അവസാന ലോകകപ്പ് മല്‍സരവും ഒരു പക്ഷെ അവസാന രാജ്യാന്തര മല്‍സരവും ആകാന്‍ സാധ്യതയുള്ളതിനാല്‍ ലസിത് മലിംഗയും മികച്ച പ്രകടനത്തോടെ കരിയര്‍ അവസാനിപ്പിക്കാനുള്ള സാധ്യതയേറെയാണ്.