ബെംഗളൂരുവും മുംബൈയുമൊക്കെ തോറ്റു പോകും വിധം നീലവിരിപ്പിട്ട ഗാലറിയെ കോരിത്തരിപ്പിച്ച ബാറ്റിങ് വിരുന്നിനു പിന്നാലെയായിരുന്നു, എതിരാളികളെ അരിഞ്ഞു വീഴ്ത്തിയ ബോളിങ് കരുത്ത്.

വേനൽമഴയിൽ ഇംഗ്ലണ്ടിലെ പുൽമേടുകൾ നനഞ്ഞു കുതിരുന്നതിനിടെ വീണു കിട്ടിയ ഇടവേളയിൽ സൂര്യൻ തെളിഞ്ഞു നിന്ന ദിനത്തിൽ ഐതിഹാസിക വിജയം! അടുത്ത പോരാട്ടം 13ന് ട്രെന്റ്ബ്രിജിൽ ന്യൂസീലൻഡിനെതിരെ..

പിച്ചിൽ ഭൂതമുണ്ടെന്ന മട്ടിൽ ഉഴറിക്കളിച്ച ഡേവിഡ് വാർണർക്കും (56) ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനും (36) വേഗത്തുടക്കം നൽകാനായില്ല. മധ്യനിരയിൽ സ്റ്റീവ് സ്മിത്തും (69) ഉസ്മാൻ ഖവാജയും (42), ഗ്ലെൻ മാക്സ്‌വെല്ലും (28) പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യത്തിലെത്താൻ റൺറേറ്റ് പത്തിലധികം വേണ്ടിയിരുന്നു.

ഒടുവിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരി (35 പന്തിൽ 55 നോട്ടൗട്ട്) ഒന്നും നഷ്ടപ്പെടാനില്ലാത്ത പോലെ ആളിക്കത്തിയപ്പോഴേയ്ക്കും ഓസീസിന്റെ വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

ടോസ് നേടിയ നിമിഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ മുഖത്ത് വിരിഞ്ഞത് അർഥഗർഭമായൊരു ചിരി. ഒട്ടും മടിക്കാതെ ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്‌ലിയുടെ കണക്കൂകൂട്ടലുകളെല്ലാം ശരിവയ്ക്കുകയായിരുന്നു ഇന്ത്യയുടെ ബാറ്റിങ് നിര. കാറും കോളും നിറഞ്ഞ സമുദ്രത്തിൽ തിടുക്കമേതുമില്ലാതെ വിജയതീരത്തേക്കു പോകുന്ന നാവികരെപ്പോലെയായിരുന്നു രോഹിത് ശർമയും ശിഖർ ധവാനും. രാവിലെ പിച്ച‌ിൽനിന്നു ലഭിച്ച നേരിയ ആനുകൂല്യം മുതലാക്കാൻ കിണഞ്ഞു ശ്രമിച്ച ഫാസ്റ്റ് ബോളർമാരോട് അൽപം ബഹുമാനം. മിച്ചൽ സ്റ്റാർക്കിന്റെയും പാറ്റ് കമ്മിൻസിന്റെയും കുത്തിയുയർന്ന പന്തുകൾ നേരിട്ടത് അതിജാഗ്രതയോടെ. ചെറിയൊരു കോണളവിൽപ്പോലും പന്തു സ്വിങ് ചെയ്യുന്നില്ലെന്നു തിരിച്ചറിഞ്ഞതോടെ സ്കോറിങ്ങിനു വേഗം കൂട്ടി.

കമ്മിൻസ് എറിഞ്ഞ അഞ്ചാം ഓവറിൽ ചങ്ങലക്കെട്ടുകൾ ഭേദിച്ച് ധവാന്റെ വക ആദ്യ ബൗണ്ടറി. നേഥൻ കൂൾട്ടർനൈലും ആദം സാംപയുമെല്ലാം കണക്കിനു ശിക്ഷ വാങ്ങിയതോടെ ഇരു താരങ്ങളും അർധശതകം പിന്നിട്ടു, 19–ാം ഓവറിൽ ഇന്ത്യ 100 റൺസ് തികച്ചപ്പോൾ രോഹിത്–ധവാൻ ജോഡിയുടെ 16–ാം സെഞ്ചുറി കൂട്ടുകെട്ടായി അത്. 23–ാം ഓവറിൽ കൂൾട്ടർനൈലിന്റെ പന്തിൽ രോഹിത് മടങ്ങുമ്പോഴേക്കും വൻ സ്കോറിന്റെ അടിത്തറ ഉയർന്നു കഴിഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നാം നമ്പറിൽ കോഹ്‍‌ലി പിച്ചിലേക്കു നടന്നടുത്തപ്പോൾ ഉയർന്ന ആരവം അടുത്ത കുതിപ്പിന്റെ മുന്നോടിയായിരുന്നു. ക്യാപ്റ്റനുമായി ഒത്തു ചേർന്ന ധവാൻ മികവിന്റെ ശിഖരങ്ങളിലേക്കു കുതിച്ചു. ഇവരുടെ കൂട്ടു കെട്ട് 84 പന്തിൽ 93 റൺസ് കൂട്ടിച്ചേർക്കുന്നതിനു മുൻപു തന്നെ ശിഖർ 17ാം സെ‍ഞ്ചുറി പൂർത്തിയാക്കി. കട്ട് ഷോട്ടുകളും പുൾഷോട്ടുകളും ഡ്രൈവുകളും തുടരെ അതിർത്തിവര കടന്ന ഇന്നിങ്സിനു ചന്തം ചാർത്തിയത് 14 ഫോറുകൾ.

ധവാൻ മടങ്ങിയതോടെ തനിസ്വരൂപം പുറത്തെടുത്ത കോഹ്‌ലിയുടെ ചില ഷോട്ടുകൾ എതിരാളികൾ പോലും ആസ്വദിക്കുന്നുണ്ടായിരുന്നു. 50–ാം ഓവറിൽ ഒരു പന്തു ശേഷിക്കുമ്പോഴാണ് കോഹ്‌ലി പുറത്തായത്.

എല്ലാവരെയും വിസ്മയിപ്പിച്ച് നാലാം നമ്പറിൽ ഇറങ്ങിയ ഹാർദിക് പാണ്ഡ്യ ഐപിഎല്ലിലെ താണ്ഡവം തുടർന്നതോടെ 46ാം ഓവറിൽ ഇന്ത്യ 300 പിന്നിട്ടു. രാഹുലിനും ധോണിക്കും മുൻപ് ഇറക്കാനുള്ള തീരുമാനം ശരിവച്ച ഹാർദിക്കിന്റെ പവർ ഹിറ്റിങ്ങിൽ (27 പന്തിൽ 48) ഓസീസ് ബോളർമാർ വിയർത്തു. പിന്നീടെത്തിയ ധോണിയും(14 പന്തിൽ 27) രാഹുലും (3 പന്തിൽ 11) ആഞ്ഞടിച്ചതോടെ ഇന്ത്യ 350 കടന്നു.

ലോകകപ്പിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഓപ്പണിങ് സഖ്യം ഓസീസിനെതിരെ സെഞ്ചുറി കൂട്ടുകെട്ട് നേടുന്നത്. ഏകദിന മത്സരങ്ങളിൽ ഓസീസിനെതിരെ ഏറ്റവും അധികം റൺസ് നേടുന്ന ഓപ്പണിങ് സഖ്യം എന്ന റെക്കോർഡും രോഹിത് ശർമയും ശിഖർ ധവാനും ചേർന്നു സ്വന്തമാക്കി. വിൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജ്– ഡെസ്മണ്ട് ഹെയ്ൻസ് സഖ്യത്തെയാണു (1152 റൺസ്) മറികടന്നത്.

ഏകദിനത്തിലെ ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടുകളുടെ എണ്ണത്തിൽ ഓസീസിന്റെ മാത്യു ഹെയ്ഡൻ– ആദം ഗിൽക്രിസ്റ്റ് സഖ്യത്തിനൊപ്പം (16) രണ്ടാം സ്ഥാനത്താണു രോഹിത്– ധവാൻ സഖ്യം. 21 സെ‍ഞ്ചുറി കൂട്ടുകെട്ടുകൾ പേരിലാക്കിയ സച്ചിൻ തെൻഡുൽക്കർ– സൗരവ് ഗാംഗുലി സഖ്യമാണ് ഒന്നാമത്.