ലോകകപ്പ് ക്രിക്കറ്റ് തുടങ്ങിയത് മുതല്‍ വില്ലനായിരിക്കുകയാണ് മഴ. ഏറെ കാത്തിരുന്ന ലോകകപ്പ് എത്തിയപ്പോഴാണ് മഴ കളിക്കുന്നതെന്നത് ആരാധകരെ ചെറുതായൊന്നുമല്ല വിഷമിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ ഇപ്പോൾ തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു. ചൊവ്വാഴ്ച ശ്രീലങ്ക-ബംഗ്ലാദേശ് മത്സരമായിരുന്നു മഴ കളിച്ച അവസാനത്തെ മത്സരം. ഒരൊറ്റ പന്ത് പോലും എറിയാനാവാതെയാണ് ഈ മത്സരം ഉപേക്ഷിച്ചത്.

ഇത്ര വലിയ ടൂര്‍ണമെന്റ് ആയിട്ടും കാലാവസ്ഥ മുന്‍ കണക്കിലെടുക്കാതെ ഷെഡ്യൂള്‍ ചെയ്തതിനെ ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടില്‍ അല്ലാതെ മറ്റ് എവിടെയെങ്കിലും മത്സരം വയ്ക്കാമായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

പലരും ഐസിസിക്കെതിരെ സോഷ്യൽ മീഡിയയില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കൂടാതെ ഐസിസിയെ ട്രോള്‍ ചെയ്തും പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഈ ലോകകപ്പില്‍ മഴയെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ചിലര്‍ പറഞ്ഞത്. ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കുട പിടിപ്പിച്ച പുതിയ ട്രോഫി രൂപകല്‍പന ചെയ്യണമെന്നും ചിലര്‍ പറയുന്നുണ്ട്.

കനത്ത മഴയില്‍ മത്സരം ഉപേക്ഷിക്കുന്നത് ടീമുകളുടെ സെമി സാധ്യതയെയും സാരമായി ബാധിക്കും. പ്രാഥമിക ഘട്ടത്തില്‍ റിസർവ് ദിനം ഒഴിവാക്കിയതാണ് ഫലമില്ലാ മത്സരങ്ങളുടെ എണ്ണം കൂടാന്‍ കാരണം. ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

ഇതാദ്യമായാണ് ഒരു ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിക്കുന്നത്. റൗണ്ട് റോബിന്‍ ഘട്ടത്തില്‍ മഴ മുടക്കുന്ന കളികളില്‍ പോയിന്റ് പങ്കുവയ്ക്കുക‌യാണ് ചെയ്യുന്നത്. എന്നാല്‍ സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ദിനമുണ്ട്. റിസര്‍വ് ദിനത്തിലും കളി നടന്നില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീം ഫൈനലിന് യോഗ്യത നേടും. ഇനി സെമിഫൈനല്‍ സമനിലയിലായാല്‍ സൂപ്പര്‍ ഓവറിലൂടെയാകും വിജയികളെ കണ്ടെത്തുക.

മത്സരങ്ങള്‍ മഴയില്‍ മുങ്ങിയാല്‍ കൂടുതല്‍ ടീമുകള്‍ക്ക് ഒരേ പോയിന്റ് വരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ കൂടുതല്‍ വിജയമുള്ള ടീമിനാണ് സെമി ഫൈനലിലേക്ക് പ്രഥമ പരിഗണന. പിന്നെ നെറ്റ് റണ്‍റേറ്റ് നോക്കും. ഇതുരണ്ടും തുല്യമാണെങ്കില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയിച്ച ടീം സെമിയില്‍ കടക്കും. ഇതിലും തുല്യമാണെങ്കില്‍ ലോകകപ്പിലെ സീഡിങ് ആകും പരിഗണിക്കുക.

ലോകകപ്പ് ഫൈനല്‍ ദിനവും റിസര്‍വ് ദിനവും കളി തടസപ്പെട്ടാല്‍ കിരീടം പങ്കുവയ്ക്കും. 2007 ലെ കരീബിയന്‍ ലോകകപ്പിലും 99 ല്‍ ഇംഗ്ലണ്ട് തന്നെ ആതിഥേയത്വം വഹിച്ച ലോകകപ്പിലും റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയിരുന്നു.