ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹൈ സ്ട്രീറ്റ് ശൃംഖലകളിൽ നിന്നുള്ള ഐസ്ഡ് കോഫികളിൽ ചോക്ലേറ്റ്, ഫിസി പാനീയങ്ങളേക്കാൾ പഞ്ചസാരയുടെ അംശം ഉള്ളതായി കണ്ടെത്തി കൺസ്യൂമർ ലോബി ഗ്രൂപ്പായ വിച്ച്?ൻെറ പഠനം. കോസ്റ്റ, സ്റ്റാർബക്സ്, കഫേ നീറോ എന്നിവയിൽ നിന്നുള്ള ഫ്രാപ്പുകളിലും ഫ്രാപ്പുച്ചിനോകളിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതൽ ആണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. മുതിർന്നവർ പ്രതിദിനം 30 ഗ്രാമിൽ കൂടുതൽ പഞ്ചസാര കഴിക്കരുത് എന്നാണ് എൻ എച്ച് എസ് പറയുന്നത്. എന്നാൽ ഇത്തരം വൻ ശൃംഖലകളിൽ നിന്നുള്ള ഒരു പാനീയത്തിൽ തന്നെ 48.5 ഗ്രാം പഞ്ചസാര ഉണ്ട്.

ഒരു മാർസ് ബാറിൽ 31 ഗ്രാം പഞ്ചസാരയുണ്ടെങ്കിൽ 330 മില്ലിലിറ്റർ കൊക്കകോളയിൽ 35 ഗ്രാം ആണ് പഞ്ചസാരയുടെ അളവ്. സെമി-സ്കിംഡ് മിൽക്ക് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റാർബക്സിന്റെ കാരമൽ ഫ്രാപ്പുച്ചിനോയിൽ പഞ്ചസാരയുടെ അളവ് 48.5 ഗ്രാം ആണ്. ഗവേഷണത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാരയുടെ അളവ് കണ്ടെത്തിയ പാനീയം ഇതാണ്. അതേസമയം കമ്പനികൾ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കഴിയുന്ന പാനീയങ്ങൾക്കുള്ള ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്നതായി കമ്പനി വക്താവ് അറിയിച്ചു. തങ്ങൾ നൽകുന്ന പാനീയങ്ങളിലൊന്നായ സെമി-സ്കീംഡ് മിൽക്ക് ഉള്ള ഒരു ഐസ്ഡ് ലാറ്റിന്റെ പഞ്ചസാരയുടെ അളവ് 8.7 ഗ്രാം മുതൽ ആരംഭിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

കഫേ നീറോയുടെ ബെൽജിയൻ ചോക്ലേറ്റിലും ഹസൽനട്ട് ഫ്രാപ്പിലും 44.3 ഗ്രാം പഞ്ചസാരയാണ് കണ്ടെത്തിയത്. അതേസമയം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഐസ്ഡ് ലാറ്റെയിൽ പഞ്ചസാര ചേർത്തിട്ടില്ലെന്ന് കമ്പനി പ്രതികരിച്ചു. കോസ്റ്റ കോഫിയുടെ ചോക്ലേറ്റ് ഫഡ്ജ് ബ്രൗണി ഫ്രാപ്പെ മോച്ച വിത്ത് ഓട്സ് മിൽക്കിൽ കണ്ടെത്തിയ പഞ്ചസാരയുടെ അളവ് 42.6 ഗ്രാം ആണ്. 2018 ൽ സർക്കാർ ഉയർന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾ വിൽക്കുന്ന നിർമ്മാതാക്കൾക്ക് “പഞ്ചസാര നികുതി” ഏർപ്പെടുത്തിയിരുന്നു.