ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഈജിപ്ഷ്യൻ കോടീശ്വരനും മുൻ ഹാരോഡ്സ് ഉടമയുമായ മുഹമ്മദ് അൽ ഫയിദ് വാർദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. ലണ്ടനിലെ റീജന്റ്സ് പാർക്ക് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം അദ്ദേഹത്തെ അടക്കം ചെയ്തതായി ഈജിപ്ഷ്യൻ ചാനലായ അൽ ജസീറ റിപ്പോർട്ട്‌ ചെയ്തു. വെയിൽസ് രാജകുമാരി ഡയാനയ്‌ക്കൊപ്പം കാർ അപകടത്തിലായിരുന്നു മുഹമ്മദിന്റെ മൂത്ത മകൻ ഡോദി കൊല്ലപ്പെട്ടത്.

മകന്റെ ഇരുപത്തിയാറാമത് മരണവാർഷിക ദിനത്തിന് ഒരു ദിവസം മുൻപാണ് പിതാവ് മുഹമ്മദ്‌ അന്തരിച്ചത്. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം വിശ്രമ ജീവിതത്തിൽ ആയിരുന്നു മുഹമ്മദ്‌. അദ്ദേഹത്തിന്റെ മരണവാർത്ത കുടുംബാംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. 1997 മുതൽ 2013 വരെ ഫുൾഹാം ഫുട്ബോൾ ക്ലബ്ബിന്റെ ഉടമ കൂടിയായിരുന്നു മുഹമ്മദ്‌. അദ്ദേഹത്തിന്റെ മരണത്തിൽ ക്ലബ്ബും തങ്ങളുടെ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.


ഈജിപ്തിൽ ജനിച്ച മുഹമ്മദ്‌ അൽ ഫയിദ്, മിഡിൽ ഈസ്റ്റിൽ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതിന് ശേഷമാണ് 1970 കളിൽ ബ്രിട്ടനിലേക്ക് എത്തിയത്. 1985 ലാണ് 615 മില്യൻ പൗണ്ടിനു ഹാരോഡ്സ്‌ ഗ്രൂപ്പ്‌ അദ്ദേഹം ഏറ്റെടുക്കുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും മുഹമ്മദ് പങ്കാളിയായിരുന്നു. 1987-ൽ അദ്ദേഹം അൽ ഫായിദ് ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിക്കുകയും ചെയ്തു.1990 -കളിൽ, അൽ ഫയിദ് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായിരുന്നു. എന്നാൽ തന്റെ മകന്റെ മരണം മുഹമ്മദിനെ വളരെയധികം സ്വാധീനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഹമ്മദ് മരണത്തിൽ നിരവധി പ്രശസ്തർ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.