ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ പ്രവർത്തനം 2004 ആരംഭിച്ചതു മുതൽ ഞങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് ,യു കെ യിലെ അറിയപ്പെടുന്ന മലയാളം ഓൺലൈൻ ആയ മലയാളം യു കെ ഞങ്ങൾക്ക് അവാർഡ് തന്നു ആദരിച്ചിട്ടുണ്ട് ,ലിവർപൂൾ ക്നാനായ അസോസിയേഷൻ ഞങ്ങളെ ആദരച്ചിട്ടുണ്ട് ,പടമുഖം സ്നേഹമന്ദിരം ഞങ്ങൾക്ക് ബഹുമാനം നൽകിയിട്ടുണ്ട് എന്നാൽ അതിലെല്ലാം വലിയ ഒരു അംഗീകാരമാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അമേരിക്കൻ മലയാളി ഞങ്ങൾക്ക് നൽകിയത് .

ഒരു ദിവസം അദ്ദേഹം ഫേസ്ബൂക്കിലൂടെ എന്നെ വിളിച്ചു പറഞ്ഞു ഇടുക്കി ചാരിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് നിങ്ങളുടെ സുതാര്യതയും സത്യസന്ധതയും എനിക്കിഷ്ടപ്പെട്ടു അതുകൊണ്ടു ഞാൻ കുറച്ചു പണം താങ്കൾക്ക് അയച്ചുതരാം അത് താങ്കൾക്ക് ഇഷ്ടമുള്ളവർക്ക് കൊടുത്തുകൊള്ളുക .അതുകേട്ടപ്പോൾ മനസ്സിൽ വലിയ സന്തോഷം തോന്നി ഞങ്ങൾ ചെയ്യുന്ന ഈ എളിയ പ്രവർത്തനത്തിന് കിട്ടുന്ന ഒരു വലിയ അംഗീകാരവുമായി തോന്നി . അദ്ദേഹം 199 ഡോളർ അയച്ചു അത് രൂപയിലേക്കു മാറ്റിയപ്പോൾ 13200 രൂപ ലഭിച്ചു. കിട്ടിയ തുകയിൽ 8200 രൂപ തൊടുപുഴ കരിംങ്കുന്നത്ത് വെയ്റ്റിംഗ് ഷെഡിൽ ജീവിതം തള്ളിനീക്കുന്ന മുണ്ടൻ ചേട്ടന് കരിംകുന്നം പഞ്ചായത്തു ഏഴാം വാർഡ് മെമ്പർ ലില്ലി ബേബി അദ്ദേഹം താമസിക്കുന്ന വെയ്റ്റിങ് ഷെഡിൽ എത്തി കൈമാറി. മുണ്ടൻ ചേട്ടനെ ചെറുപ്പം മുതൽ എനിക്കറിയാം. ജീവിതം മുഴുവൻ കഠിനാധ്വാനം ചെയ്ത മുണ്ടൻ ചേട്ടൻ ആരും സഹായത്തിനില്ലാതെ ഇന്നു കഴിഞ്ഞുകൂടുന്നു .

WhatsApp Image 2024-12-09 at 10.15.48 PM

5000 രൂപ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട് തകർന്നുപോയ, തടിയംപാട് സ്വദേശി അരുണിനു വീട്ടുസാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി ചെറുതോണി മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ബാബു ജോസഫ് കൈമാറി . യു കെ യിലും അമേരിക്കയിലും ഉള്ള മലയാളി സമൂഹം ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തോട് കാണിക്കുന്ന നല്ല മനസ്സിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് വേണ്ടി നന്ദി അറിയിക്കുന്നു ഞങ്ങൾക്കു ഇതുവരെ 85 ലക്ഷത്തോളം രൂപ പാവങ്ങൾക്ക് നൽകാൻ കഴിഞ്ഞത് നിങ്ങളുടെ സഹായം കൊണ്ടാണ് അതിനെ നന്ദിയോടെ സ്മരിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ,സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ് .