26 വർഷങ്ങൾക്ക് ശേഷം ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ ട്രയൽ റണ്ണിനായി തുറന്നു. ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളിൽ മധ്യഭാഗത്തുള്ള ഷട്ടറാണ് തുറന്നത്. ട്രയൽ റൺ നടത്താനായി 50 സെന്റീ മീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 50 ഘനമീറ്റർ ജലമാണ് ഒഴുക്കിക്കളയുന്നത്. ചരിത്രത്തിൽ മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നത്. ഇതിനുമുന്പ് 1992 ഓക്ടോബറിലും 1981ലുമാണ് ഷട്ടർ ഉയർത്തിയത്. നാലു മണിക്കൂർ നേരത്തേക്കാണ് വെള്ളം ഒഴുക്കിവിടുന്നത്. പെരിയാറിന്റെ 100 മീറ്റർ പരിധിയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ അണക്കെട്ടിൽ ഒരടിയോളം വെള്ളം ഉയർന്ന സാഹചര്യത്തിലാണ് ട്രയൽ റൺ നടത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ചുമതലപ്പെടുത്തിയിരുന്നു. ഇടുക്കിയിൽ എല്ലാ സുരക്ഷ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി എം.എം. മണി അറിയിച്ചിരുന്നു. നേരത്തെ തന്നെ മാറ്റി പാർപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ആശങ്കകൾക്ക് വകയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
Leave a Reply