നാരകക്കാനത്ത് വീട്ടമ്മയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി പിടിയില്‍. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയുടെ മരണത്തില്‍ അയല്‍വാസിയായ വെട്ടിയാങ്കല്‍ തോമസ് വര്‍ഗീസ്(സജി) ആണ് അറസ്റ്റിലായത്. മോഷണശ്രമം തടഞ്ഞപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി. ചിന്നമ്മയെ ജീവനോടെയാണ് പ്രതി കത്തിച്ചു കൊലപ്പെടുത്തിയത്.
ഇയാള്‍ വീട്ടില്‍ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചിരുന്നു. കമ്പത്ത് നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്. കുമ്പിടിയാമ്മാക്കല്‍ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ ആന്റണി (66) യെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുറികളില്‍ പലയിടങ്ങളിലും രക്തകറകള്‍ കണ്ടെത്തിയതും തീ പടര്‍ന്ന് വീടിനോ വസ്തുവകകള്‍ക്കോ നാശം സംഭവിക്കാതിരുന്നതും ആസൂത്രിതമായ കൊലപാതകത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് സംശയിച്ചിരുന്നു.
സംഭവദിവസം തന്നെ വീടിനുള്ളില്‍ രക്തത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നതിനാല്‍ കൊലപാതക സാധ്യ കണക്കിലെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. സംഭവസമയം ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകളാണ് ചിന്നമ്മയെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ആദ്യം കണ്ടെത്തിയത്.
ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തലയോട്ടിയും കാലുകളുടെ ഭാഗങ്ങളും മാത്രമാണ് അവശേഷിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപം പാചക വാതക സലിണ്ടര്‍ മറിഞ്ഞ് കിടക്കുകയായിരുന്നു. സിലിണ്ടറിന്റെ ഹോസ് ഊരിയ നിലയിലായിരുന്നു. തീ പിടിച്ച് മറ്റ് വസ്തുക്കളൊന്നും കത്തിയതായി കണ്ടില്ല. തറയിലും, ഭിത്തിയിലും അങ്ങിങ്ങായി രക്തക്കറകള്‍ കണ്ടെത്തിയിരുന്നു.
Leave a Reply