വണ്ടിപ്പെരിയാർ∙ ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ജീവനറ്റ് കണ്ടെത്തിയപ്പോൾ ഓടിവന്ന് ഏറ്റുവാങ്ങിയത് അർജുനെന്ന് കുഞ്ഞിന്റെ കുടുംബം. കുട്ടിയെ കുളിപ്പിക്കുന്ന സമയമായപ്പോൾ അമ്മൂമ്മയാണ് അന്വേഷണം തുടങ്ങിയത്. ചുറ്റുപാടുള്ള വീടുകളും എല്ലായിടത്തും അന്വേഷിച്ചു. ആ സമയത്ത് വീടിനുള്ളിൽ ഒരിക്കൽ കൂടി നോക്കിയപ്പോഴാണ് പൂജാമുറി അടച്ചിട്ടിരിക്കുന്നത് കണ്ടത്. തള്ളി നോക്കിയപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും കുഞ്ഞിന്റെ വീട്ടുകാർ പറയുന്നു.
പൂജാമുറി തുറക്കുന്നതിനായി കത്തിയെടുത്ത് കൊണ്ടുവന്ന് കുറ്റി തട്ടിത്തുറക്കുകയായിരുന്നു. ഒരു കാൽ കട്ടിലിലും ഒരു കാൽ നിലത്തുമായി ഇരിക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് കണ്ണീരോടെ ബന്ധു പറയുന്നു. കുഞ്ഞുപിടലി തൂങ്ങിയത് പോലെ ചരിഞ്ഞാണിരുന്നത്. അലറി വിളിച്ച് പുറത്തേക്കിറങ്ങിയപ്പോൾ ഓടി വന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത് അർജുനാണെന്നു ഞെട്ടലോടെ വീട്ടുകാർ പറയുന്നു. കുഞ്ഞിനെ കുലുക്കി നോക്കിയ അർജുൻ വേഗം തന്നെ അടുത്തുള്ള നഴ്സിനെ കാണിച്ചു. അവരുടെ പരിശോധനയിൽ പൾസില്ലെന്ന് കണ്ടു. പെട്ടെന്ന് തന്നെ അർജുന്റെ അച്ഛൻ ഷർട്ടിട്ട് ഓടി വന്ന് കുഞ്ഞിനെ എടുത്ത് നേരെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നവെന്നും കുഞ്ഞിന്റെ വീട്ടുകാർ വേദനയോടെ പറയുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തുന്ന ദിവസവും അർജുൻ പതിവുപോലെ 50 രൂപയ്ക്ക് മിഠായി വാങ്ങിയാണ് പോയതെന്ന് സമീപത്തെ കടക്കാരനും വെളിപ്പെടുത്തിയിരുന്നു. അർജുനെ സംശയിക്കത്തക്ക യാതൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നാം വയസ്സു മുതൽ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് അർജുൻ പൊലീസിനോട് സമ്മതിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിന് എത്തിച്ചപ്പോള് അർജുനെ നാട്ടുകാർ മർദ്ദിച്ചിരുന്നു.
Leave a Reply