പുരുഷന്മാര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന കിണര്‍ നിര്‍മ്മാണ മേഖലയിലേക്കും എത്തി കരുത്ത് തെളിയിച്ച് ഒരു കൂട്ടം സ്ത്രീകള്‍. തൊടുപുഴ കോടിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡിലെ സ്ത്രീകളാണ് കിണര്‍ നിര്‍മ്മാണത്തിലേക്കും എത്തിയത്. ഇതിനോടകം ഇവര്‍ 42 കിണറുകളാണ് കുത്തിയത്.
കൊടുവേലിയിലെ തൊഴിലുറപ്പു തൊഴിലാളികളായ അമ്മമാരാണ് നാട്ടുകാര്‍ക്ക് വേണ്ടി കിണര്‍ നിര്‍മ്മിച്ചത്. 12 പേര്‍ അടങ്ങുന്ന തൊഴിലാളികളില്‍ 6 പേര്‍ വീതം അടങ്ങുന്ന 2 ടീമുകളായാണ് ഇവര്‍ കിണര്‍ നിര്‍മാണം നടത്തുന്നത്. എല്ലാവരും തൊഴിലുറപ്പ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ്.
ദിവസവും ഒരു കോല്‍ മുതല്‍ 2 കോല്‍ വരെ താഴ്ചയില്‍ മണ്ണെടുക്കും. രണ്ടര മീറ്റര്‍ ആണ് വ്യാസം. 7 കോല്‍ മുതല്‍ 13 അര കോല്‍ വരെ ആഴമുള്ള കിണറുകള്‍ ഇവര്‍ ഇതിനോടകം നിര്‍മിച്ചിട്ടുണ്ട്. കിണര്‍ നിര്‍മ്മിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇവര്‍ തന്നെയാണ് ചെയ്യുന്നത്.
അതേസമയം കിണറുകളില്‍ പാറ കാണുകയാണെങ്കില്‍ അത് പൊട്ടിക്കുന്നതിനായി ഉടമയുടെ സഹായം തേടും. രാവിലെ 8 .30 മുതല്‍ 5 വരെ ആണ് ജോലി സമയം. ഒരാള്‍ക്ക് 311 രൂപ ആണ് വേതനമായി ലഭിക്കുക. തങ്ങള്‍ക്ക് കിട്ടുന്ന കാശിനേക്കാള്‍ സന്തോഷമാണ് കിണറില്‍ വെള്ളം കണ്ടാലെന്ന് ഇവര്‍ പറയുന്നു.
അതേസമയം, വേനല്‍ കടുത്തതോടെ കിണര്‍ നിര്‍മിക്കാന്‍ ആവശ്യക്കാര്‍ ഏറി വരുന്നതായി അമ്മമാര്‍ പറയുന്നു. കിണറുകള്‍ക്കു പുറമേ മത്സ്യ കുളങ്ങള്‍, വൃക്ഷങ്ങള്‍ നടുന്നതിനുള്ള കുഴികള്‍ എല്ലാം ഇവര്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
Leave a Reply