ഒരു വര്‍ഷം മുമ്പാണ് കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുതുടങ്ങിയ സമയം. എന്റെ മൂത്ത മകന്‍ സച്ചിനും കോവിഡ് പിടിപെട്ടു. അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍നിന്ന് സന്ദേശം വരുമ്പോള്‍ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. പെട്ടെന്ന് സുരേഷ്‌ഗോപിയെ ഓര്‍ത്തു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. കരച്ചിലോടെയാണ് ഞാന്‍ സുരേഷിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. വിശദാംശങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു.
ഗുജറാത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി. അവിടെയുള്ള എം.പിയെ സുരേഷ്‌ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിനുപിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തി. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് മകനെയും കൊണ്ടവര്‍ രാജ്‌കോട്ടിലെ ഹോസ്പിറ്റലില്‍ എത്തിയത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു.
ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനായതും ചികിത്സകള്‍ തുടരാനും കഴിഞ്ഞത്. ഇന്നെന്റെ മകന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ അതിന് കാരണക്കാരന്‍ സുരേഷ്‌ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്റെ ഹൃദയത്തില്‍ ഉണ്ടാകും.
20 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം താരസംഘടനയായ അമ്മയുടെ ഓഫീസിലെത്തിയ സുരേഷ്‌ഗോപിക്ക് സ്വീകരണങ്ങള്‍ നല്‍കിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിയന്‍പിള്ള രാജു ഈ അനുഭവം വെളിപ്പെടുത്തിയത്.
Leave a Reply