ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലേക്ക് ജോലിയ്ക്കായി എത്തിച്ചേർന്ന എല്ലാ മലയാളികളും തന്നെ ഇന്ത്യയിൽ തങ്ങളുടെ ആസ്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വസ്തുവകകൾ മേടിക്കുകയും ബാങ്കുകളിൽ എൻആർ ഇ സ്ഥിരനിക്ഷേപം ചെയ്യുന്നവരാണ്. പൗണ്ടിൻെറ റേറ്റ് കൂടുന്നതിന് അനുസരിച്ച് നാട്ടിലേയ്ക്ക് പണം അയയ്ക്കുമ്പോൾ മാനസികമായ സന്തോഷം അനുഭവിക്കുന്നവരാണ് ഒട്ടുമിക്ക യു കെ മലയാളികളും . എന്നാൽ ഇന്ത്യയിലെ ബാങ്കുകളിൽ സ്ഥിരനിക്ഷേപവും അതിൽ നിന്നുള്ള വരുമാനവും ഉണ്ടെങ്കിൽ ബ്രിട്ടനിൽ ആദായനികുതി ഫയൽ ചെയ്യുമ്പോൾ അതുകൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ ഭീമമായ തുക പിഴയായി ഒടുക്കേണ്ടതായി വരും.
യുകെ ഗവൺമെൻറും ഇന്ത്യാ ഗവൺമെന്റും തമ്മിലുള്ള പുതിയ ധാരണാപത്രം അനുസരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. എച്ച് എം റവന്യൂവിന്റെ പരിധിയിലാണ് ഇന്ത്യയിൽ നിന്നുള്ള സ്ഥിരനിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത് . നിലവിൽ ഒട്ടേറെ മലയാളികൾക്ക് ആണ് എച്ച് എം റവന്യൂവിൽ നിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. എട്ടുവർഷം വരെ പഴക്കമുള്ള സ്ഥിരനിക്ഷേപങ്ങളുടെ പേരിൽ വരെ നോട്ടീസ് ലഭിച്ചതായാണ് അറിയാൻ സാധിച്ചിരിക്കുന്നത്. സ്ഥലം വിറ്റവർക്കും ക്യാപിറ്റൽ ഗെയിൻ ടാക്സ് കൊടുക്കാനുള്ള നോട്ടീസുകൾ ലഭിക്കുന്നുണ്ട്.
പല യുകെ മലയാളികൾക്കും പിഴയും പലിശയും ഉൾപ്പെടെ അടയ്ക്കാനുള്ള നോട്ടീസ് ആണ് ലഭിച്ചിരിക്കുന്നത്. എച്ച് എം റവന്യൂവിന്റെ ടാക്സ് റിട്ടേൺ ജനുവരി 31 -ന് മുമ്പാണ് അടയ്ക്കേണ്ടത്. ടാക്സ് റിട്ടേൺ നൽകുന്നതിന് രണ്ടുമാസം താമസിച്ചിട്ടുണ്ടെങ്കിൽ 100 പൗണ്ട് ആണ് പിഴയായി അടയ്ക്കേണ്ടതായി വരിക. അതിനുശേഷം ഓരോ ദിവസവും 10 പൗണ്ട് വീതം പിഴയാണ് ഒടുക്കേണ്ടതായി വരിക. യുകെയിലെ ഇന്ത്യക്കാർ നാട്ടിൽ സ്ഥല വിൽപ്പന, സ്ഥിരനിക്ഷേപം എന്നിവ പോലുള്ള സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തുമ്പോൾ യുകെ ഗവൺമെൻറിന് വിവരങ്ങൾ ലഭ്യമാക്കുന്ന തലത്തിലേയ്ക്കാണ് ഇന്ത്യയും യുകെയും തമ്മിലുള്ള ധാരണ പത്രത്തിൻറെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മാറിയിരിക്കുന്നത് എന്ന വസ്തുത പലരും തിരിച്ചറിഞ്ഞിട്ടില്ല.
യുകെ മലയാളികൾക്ക് എൻആർഐയും എൻആർഒയും അക്കൗണ്ട് ഉണ്ടെങ്കിലും സാധാരണഗതിയിൽ സ്ഥിരനിക്ഷേപങ്ങൾ എൻ ആർ ഇ അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ഇതിന്റെ പ്രധാനകാരണം എൻ ആർ ഒ അക്കൗണ്ടിലെ സ്ഥിര നിക്ഷേപങ്ങൾക്ക് വരുമാനം നികുതി ഇന്ത്യയിലും അടക്കേണ്ടതായി വരുമെന്നുള്ളതാണ്. ഈ രീതിയിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് വരുമാന നികുതി പിടിച്ചതിനു ശേഷമുള്ള തുക മാത്രമെ നിക്ഷേപകന് ലഭിക്കുകയുള്ളൂ. എന്നാൽ എൻ ആർ ഇ അക്കൗണ്ടിൽ ഉള്ള തുകയ്ക്ക് ഇന്ത്യയിൽ ടാക്സ് കൊടുക്കേണ്ടതില്ല. പക്ഷേ അതിന് യുകെയിൽ ടാക്സ് കൊടുക്കേണ്ട സാഹചര്യത്തിലേയ്ക്കാണ് കാര്യങ്ങൾ എത്തുന്നത്. അതുകൊണ്ടുതന്നെ നാട്ടിൽ സ്ഥിരനിക്ഷേപത്തിൽ നിന്ന് വരുമാനം ഉള്ള യുകെ മലയാളികൾ തങ്ങളുടെ വരുമാനത്തിന് നിശ്ചിത സമയത്തിനുള്ളിൽ ടാക്സ് കൊടുക്കാൻ ശ്രദ്ധിയ്യിച്ചില്ലെങ്കിൽ പലിശയും പിഴപലിശയും കൊടുക്കേണ്ടതായി വരുമെന്ന് മറക്കരുത്.
Leave a Reply