ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വേനൽക്കാലം ആഘോഷമാക്കുവാൻ ശ്രമിക്കുന്നവർക്ക്, ചിലപ്പോഴെങ്കിലും വിഘാതമായി ഹേ ഫിവർ ഉണ്ടാകാറുണ്ട്. പ്രകൃതിയിൽ ഉള്ളതും അല്ലാത്തതുമായ വസ്തുക്കളോടുള്ള ശരീരത്തിന് അലർജി റെസ്പോൺസിനാണ് ഹേ ഫിവർ എന്ന് സാധാരണയായി പറയുക. കൂടുതലും ചെടികളിലെ പൂമ്പൊടികൾ ആണ് ഇത്തരത്തിൽ അലർജി ഉണ്ടാക്കുക. കണ്ണിൽനിന്ന് വെള്ളം വരുക, തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് തടയുന്നതിനായി വേഗത്തിലുള്ളതും, ഫലപ്രദവുമായ ചില വഴികൾ വിദഗ്ധർ നിർദേശിക്കുന്നുണ്ട്. ഇതിൽ ഒരു വഴിയാണ്, പെപ്പെർ മിന്റും, ടീ ട്രീ ഓയിലും ചേർത്തു നിർമ്മിച്ചിരിക്കുന്ന വൈപ്പ്സുകൾ. വെറും 99 പൗണ്ടിനു ലഭിക്കുന്ന ഇത്തരം വൈപ്പ്സുകൾ പൂമ്പൊടി മൂലമുള്ള അലർജിക്ക് ഫലപ്രദമാണെന്ന് ഉപയോഗിച്ച പലരും വ്യക്തമാക്കുന്നു. വേനൽക്കാലമായാൽ പൂമ്പൊടി അധികമായി ഉണ്ടാകും. അതിനാൽ തന്നെ തുണികളും മറ്റും വീടുകൾക്ക് ഉള്ളിൽ തന്നെ ഉണക്കുവാൻ എല്ലാവരും ശ്രമിക്കണം. പുറത്തിട്ട് ഉണക്കുമ്പോൾ പൂമ്പൊടികളും മറ്റും തുണികളിൽ പറ്റിപിടിച്ചിരിക്കുന്നതിനുള്ള സാധ്യത അധികമാണ്.

 

ഇതോടൊപ്പംതന്നെ രാത്രിയിൽ മുടി കഴുകുന്നത് പകൽ മുഴുവൻ തലമുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൂമ്പൊടികളെ അകറ്റുന്നതിന് സഹായിക്കും. തല കഴുകാതിരിക്കുമ്പോൾ ഇവ തലയിണയിലും മറ്റുമായി കൂടുതൽ അലർജിക്ക് കാരണമാകുന്നു. ഇതോടൊപ്പംതന്നെ ഗ്രീൻ ടീ കൂടുതൽ ഉപയോഗിക്കുന്നത് അലർജി തടയുന്നതിന് സഹായിക്കും എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഗ്രീൻ ടീക്ക് ആന്റി -ഓക്സിഡന്റ് പ്രോപ്പർട്ടികൾ ധാരാളമായുണ്ട്. ഇതോടൊപ്പംതന്നെ കണ്ണിനടിയിലും, മൂക്കിന്റെ വശങ്ങളിലുമായി വാസ്‌ലിൻ പുരട്ടുന്നത് പൂമ്പൊടികളും മറ്റും കണ്ണിലും മൂക്കിലും കയറുന്നത് തടയുവാൻ സഹായിക്കും. ഇതോടൊപ്പംതന്നെ തേൻ കഴിക്കുന്നത് ശരീരത്തെ അലർജനുമായി പൊരുത്തപ്പെടുന്നതിനു സഹായിക്കും.ഇത്തരത്തിൽ ചെറിയ ചില വഴികളിലൂടെ നമുക്ക് ഹേ ഫിവറിനെ മാറ്റിനിർത്തി അവധിക്കാലം ആഘോഷിക്കുവാൻ സാധിക്കുമെന്ന് ഇത് പരീക്ഷിച്ച പലരും വ്യക്തമാക്കുന്നു. അലർജിയുണ്ടാക്കുന്ന പൂമ്പൊടികളിൽ നിന്നും പരമാവധി അകലം പാലിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം.