ലോകം മൊത്തമൊന്ന് കറങ്ങണമെന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? പലപ്പോഴും ഈ ആഗ്രഹം ഉള്ളിൽ ഒതുക്കുകയാണ് പലരും ചെയ്യാറ്. എന്നാലിതാ ഈ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് 27 കാരിയായ യുവതി. ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് നമ്മെ അത്ഭുതപ്പെടുത്തുകയാണ് അമേരിക്കക്കാരിയായ കസാൻഡ്ര ഡി പെകോൾ. 196 രാജ്യങ്ങളാണ് കസാൻഡ്ര ഏറ്റവും വേഗത്തിൽ സന്ദർശിച്ചത്.
ആറ് ഭൂഖണ്ഡങ്ങളിലായി 196 രാജ്യങ്ങൾ കസാൻഡ്ര പതിനെട്ട് മാസവും 26 ദിവസങ്ങളും കൊണ്ടാണ് സന്ദർശിച്ചത്. കൊസോവ, തായ്‌വാൻ, പലസ്‌തീൻ രാജ്യങ്ങളും ഇതിലുൾപ്പെടും. എക്‌സ്‌പെഡിഷൻ 196 എന്നായിരുന്നു ഈ യാത്രാ ദൗത്യത്തിന്റെ പേര്. 2015 ജൂലൈ 24 നാണ് കസാൻഡ്ര യാത്ര തുടങ്ങുന്നത്. ആറ് ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങൾ കറങ്ങിയുളള യാത്ര അവസാനിച്ചത് 2017 ഫെബ്രുവരി 2 നാണ്.
ലോകമെമ്പാടും ടൂറിസത്തിലൂടെ സമാധനം വരണമെന്ന് ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് പിന്തുണയോടെയാണ് കസാൻഡ്ര ലോകം ചുറ്റിയത്. വിദ്യാർഥികൾ, രാഷ്ട്രീയക്കാർ, ടൂറിസവുമായി ബന്ധപ്പെട്ടവർ എന്നിവരെ കണ്ട് സംവദിക്കുകയുമായിരുന്നു യാത്രയിലെ പ്രധാന ദൗത്യം.
യാത്രകളിലൂടെ പുതിയൊരു ഗിന്നസ് റെക്കോർഡ് തീർത്തിരിക്കുകയാണ് ഈ വനിത. എല്ലാ രാജ്യങ്ങളിലും സഞ്ചരിച്ച വേഗമേറിയ സ്ത്രീ യാത്രക്കാരിയെന്ന റെക്കോർഡ്. യിലി ലിയു എന്ന മിച്ചിഗൻ സ്വദേശിയുടെ പേരിലായിരുന്നു ഇതുവരെ വേഗത്തിൽ എല്ലാ രാജ്യങ്ങളും സഞ്ചരിച്ച വ്യക്തിയെന്ന റെക്കോർഡ്. 2010 ലാണ് യിലി ഈ റെക്കോർഡിനുടമയായത്. മൂന്ന് വർഷവും മൂന്ന് മാസവുമെടുത്താണ് യിലി എല്ലാ രാജ്യങ്ങളും സഞ്ചരിച്ചത്.
2013 തൊട്ടേ യാത്രകളുടെ തയാറെടുപ്പിലായിരുന്നു കസാൻഡ്ര ഡി പെകോൾ. എന്നാൽ പണം ഒരു പ്രശ്നമായിരുന്നു. പിന്നീട് യാത്രക്കുളള പണം സമ്പാദിക്കാനുളള ശ്രമം തുടങ്ങി. മാതാപിതാക്കള്‍ പുറത്തു പോകുന്ന വീടുകളിൽ കുഞ്ഞുങ്ങളെ നോക്കുകയായിരുന്നു ആദ്യം ചെയ്‌തത്. അതു വഴി 10,000 ഡോളർ സമ്പാദിച്ചു. തുടർന്നു യാത്രയുടെ ലക്ഷ്യമറിഞ്ഞപ്പോൾ സ്‌പോൺസേഴ്‌സ് രംഗത്തെത്തി. 1,98,000 ഡോളറാണ് 196 രാജ്യങ്ങൾ സഞ്ചരിക്കുന്നതിനായി കസാൻഡ്ര ചെലവഴിച്ചത്.
2015 ജൂലൈയിലാണ് റെക്കോർഡ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. 25 വയസായപ്പോൾ എല്ലായിടത്തും ടൂറിസം പ്രോത്സാഹിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ അംബാസിഡറായി.
യാത്രക്കിടയിൽ മറക്കാനാവാത്ത നിരവധി അനുഭവങ്ങളുണ്ടായെന്ന് കസാൻഡ്ര പറയുന്നു. ഏറ്റവും പേടിപ്പിച്ചത് നോർത്ത് കൊറിയയിലെ അനുഭവമാണ്. “ഞങ്ങൾ നിങ്ങളെ തകർക്കാൻ പോകുന്നു, അമേരിക്കയെന്ന് പറഞ്ഞ് ഒരു നോർത്ത് കൊറിയൻ കൈ പിടിച്ച് കുലുക്കിയത് ഭയപ്പെടുത്തിയെന്ന്” കസാൻഡ്ര സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിറിയയിലേക്കുളള വീസ കിട്ടാൻ ഏറെ ബുദ്ധിമുട്ടിയെന്നും എന്നാൽ സിറിയൻ സന്ദർശനം രസകാരമായ ഒരനുഭവമാണെന്നും ഈ യാത്രക്കാരി അഭിമുഖത്തിൽ പറയുന്നു.
യാത്രക്കിടയിൽ വിവിധ രാജ്യങ്ങളി നിന്നുളള 16,000ൽ പരം സ്കൂൾ കുട്ടികളുമായി സംവദിച്ചും 50 രാജ്യങ്ങളിൽ മരങ്ങൾ നട്ടുമാണ് കസാൻഡ്ര യാത്ര മനോഹരമാക്കിയത്.
തായ്‌വാനടക്കമുളള 196 ലോകരാജ്യങ്ങൾ സന്ദർശിച്ച് റെക്കോർഡിട്ട ഈ യാത്രക്കാരിയുടെ അടുത്ത ലക്ഷ്യം അന്റാർട്ടിക്കയാണ്. തണുത്തുറഞ്ഞ ഈ സ്ഥലം മാത്രം കസാൻഡ്രയുടെ യാത്ര ലിസ്റ്റിലുണ്ടായിരുന്നില്ല. എത്രയും വേഗം അവിടെയും സന്ദർശിക്കാനുളള ശ്രമത്തിലാണ് ഈ വനിത.