ഒറ്റ ദിവസം ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായി 58 പേര്‍ മരിച്ചു.ഉത്തര്‍പ്രദേശില്‍ 38 പേരും രാജസ്ഥാനില്‍ 20 പേരുമാണ് മരിച്ചത്.

കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ഉത്തര്‍പ്രദേശിലെ 11 ജില്ലകളിലായാണ് 38 പേര്‍ മരിച്ചത്. പ്രയാഗ് രാജില്‍ 14 പേരും കാണ്‍പുര്‍, ദേഹാതില്‍ എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും ഫിറോസാബാദ്, കൗശംഭി എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും ഉന്നാവോ, ചിത്രകൂട് എന്നിവടങ്ങളിലായി രണ്ടുപേര്‍ വീതവും മരിച്ചു. കാണ്‍പുര്‍, പ്രതാപ്ഗഢ്, ആഗ്ര, വാരണാസി, റായ് ബറേലി എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

രാജസ്ഥാനില്‍ കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 11 പേര്‍ ദുരന്തത്തിനിരയായതായി ജയ്പുര്‍ പോലീസ് കമ്മിഷണര്‍ ആനന്ദ് ശ്രീവാസ്തവ അറിയിച്ചു. പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച രാത്രി 7.30നാണ് ഇടിമിന്നലുണ്ടായത്. വിനോദസഞ്ചാരികളും പ്രാദേശ വാസികളുമുള്‍പ്പടെ നിരവധി പേര്‍ ഈ സമയത്ത് ടവറിലുണ്ടായിരുന്നു. ഇടിമിന്നലുണ്ടായപ്പോള്‍ ചിലര്‍ പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്ന് താഴേക്ക് ചാടി. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വാച്ച് ടവറിലുണ്ടായ ദുരന്തത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിനെ തുടര്‍ന്ന് ഒമ്പതുപേര്‍ മരിച്ചു. ബരന്‍, ജല്‍വാര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും കോട്ടയില്‍ നാലുപേരും ധോല്‍പുരില്‍ മൂന്നുപേരും ഇടിമിന്നലേറ്റ് മരിച്ചു. മരണപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളാണ്. ഇടിമിന്നല്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു.