ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജന്‍ പരാഗ് അഗ്രവാള്‍ ചുമതലയേറ്റു. കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയായ ജാക്ക് ഡോര്‍സി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് പരാഗ്.

ഐഐടിയിലെ പഠനത്തിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പരാഗ് ഗവേഷണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മൈക്രോസോഫ്റ്റിലും യാഹുവിലും റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് ചെയ്തു. 2011ലാണ് പരാഗ് ആഡ്‌സ് എഞ്ചിനീയറായി ട്വിറ്ററിന്റെ ഭാഗമാകുന്നത്. 2017ല്‍ ചീഫ് ടെക്‌നോളജി ഓഫീസറായി.സിഇഒ ആയി ചുമതല ഏറ്റതോടെ മുന്‍ സിഇഒ ജാക്കിനും ടീമിനും നന്ദിയറിയിച്ച് പരാഗ് ട്വീറ്റ് ചെയ്തു. താന്‍ ട്വിറ്ററിന്റെ ഭാഗമാകുമ്പോള്‍ ആയിരത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നതെന്നും ട്വിറ്ററിന്റെ അനന്തസാധ്യതകള്‍ നമുക്കൊന്നിച്ച് ലോകത്തിന്‌ കാണിച്ച് കൊടുക്കാമെന്നും പരാഗ് ട്വീറ്റില്‍ അറിയിച്ചു.

സഹസ്ഥാപകന്‍ മുതല്‍ സിഇഒ വരെയുള്ള 16 കൊല്ലം നീണ്ട സേവനത്തിന് ശേഷമാണ് ജാക്കിന്റെ സ്ഥാനമൊഴിയല്‍. ട്വിറ്ററില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നും ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ സ്‌ക്വയറിന്റെ ചുമതല കൂടി വഹിക്കുന്നെന്നും ആരോപിച്ച് അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ട്വിറ്ററിന്റെ ഓഹരിയുടമയായ എലിയറ്റ് ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിന്റെ ഓരോ വിജയത്തിന് പിന്നിലും പരാഗിന്റെ സുപ്രധാനമായ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും കമ്പനിയെ ഇനിയും ഉയരങ്ങളിലെത്തിക്കാന്‍ പരാഗിന്റെ നേതൃത്തിന് കഴിയുമെന്നതില്‍ സംശയമില്ലെന്നും ജാക്ക് അഭിപ്രായപ്പെട്ടു.