മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മുലമെന്ന് ആരോപണവുമായി സുഹൃത്തുക്കള്‍. തന്റെ മരണത്തിന് കാരണം അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് പെണ്‍കുട്ടി മൊബൈലിലെഴുതിയ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയാതായി സുഹൃത്തുക്കൾ ആരോപിച്ചു. ഈ മാസം ഒമ്പതിനാണ് കൊല്ലം സ്വദേശി ഫാത്തിമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫോണിന്റെ സ്‌ക്രീന്‍ സേവറായിട്ടായിരുന്നു പെണ്‍കുട്ടി അധ്യാപകനെതിരെ പരാമര്‍ശം ഉന്നയിച്ചിരുന്നതെന്നാണ് സുഹൃത്തുക്കളിൽ ചിലർ സോഷ്യൽ മീഡിയയിൽ ഫോണിന്റെ ചിത്രം സഹിതം ആരോപണം ഉന്നയിച്ചത്.
ഐ.ഐ.ടി സോഷ്യല്‍ സയന്‍സ് സയന്‍സ്, ഹ്യൂമാനിറ്റിസ് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് ഫാത്തിമ തന്റെ ഫോണില്‍ എഴുതിയ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
കേരള സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. വിഷയം അതീവഗുരുതരം ആണെന്നും എത്രയും പെട്ടെന്ന് നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.എല്‍.എ.മാരായ എം. മുകേഷ്, എം. നൗഷാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കോടെയാണ് ഫാത്തിമ ഐഐടി പ്രവേശനം നേടിയത്.അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്റെ വര്‍ഗീയമായ പകയെക്കുറിച്ച് ഫാത്തിമ സൂചിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഈ സംഭവത്തില്‍ വര്‍ഗീയവികാരം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നത് ഇനിയും കൂടുതലായി പുറത്തുവരേണ്ടതുണ്ടെന്ന് ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് ഫാത്തിമയുടെ സുഹൃത്തും ഫാത്തിമ പഠിച്ച വിദ്യാലയത്തിലെ അധ്യാപകനുമായ എം ഫൈസല്‍.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഫാതിമ ലതീഫ് എന്ന വിദ്യാര്‍ത്ഥി ഞാന്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. ഞാന്‍ അവളെ പഠിപ്പിച്ചിട്ടില്ല. രണ്ടുകാര്യങ്ങളാണ് എന്നെ ആ കുട്ടിയിലേക്ക് ആകര്‍ഷിച്ചത്. ഒന്ന് നിരന്തരമായി സ്‌കൂളിനകത്തും പുറത്തുമുള്ള ക്വിസ് മത്സരങ്ങളില്‍ എത്തുന്നവളായിരുന്നു ഫാതിമ. രണ്ടാമത്തെ കാര്യം അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു. അവള്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. അത് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ സന്ദര്‍ഭത്തിലാണ്. അതേ കാലത്തുതന്നെ ഞാന്‍ കുടുംബസമേതം റിയാദിലെ അവരുടെ വീട്ടില്‍ പോകുകയുണ്ടായി. അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങള്‍ വിസ്മയിച്ചിട്ടുണ്ട്. ആ ദിവസങ്ങളില്‍ അവള്‍ വായിച്ചിരുന്ന പുസ്തകം അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് ആയിരുന്നു. ആ സമയത്തേ, ലോക ക്ലാസിക്കുകളിലൂടെ അവള്‍ കടന്നുപോകുന്നുണ്ട്. ഈ വര്‍ഷം ഐ ഐ ടിയിലെ ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാം റാങ്കോടെ അവള്‍ക്ക് പ്രവേശനം ലഭിച്ചു. ജൂലൈ മാസത്തില്‍ അവള്‍ക്ക് ക്ലാസ് തുടങ്ങി. അതിനിടക്ക് ഞങ്ങള്‍ കാര്യമായി സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാല്‍ ചില പുസ്തക വാര്‍ത്തകള്‍ പങ്കുവെക്കുമായിരുന്നു. ഈ മാസം എട്ടിന് ഞാന്‍ അവളെ വാട്‌സപില്‍ ബന്ധപ്പെട്ടു. ആ ഫോണ്‍ അവളുടെ ഉമ്മ സാജിതയുടെ കൈവശമായിരുന്നു. സാജിത എനിക്ക് ഫാതിമയുടെ നമ്പര്‍ തന്നു. അങ്ങനെയാണ് ഞാന്‍ ഈ വെള്ളിയാഴ്ച അവളോട് സംസാരിക്കുന്നത്. അവളുടെ കോഴ്‌സിന്റെ കരിക്കുലം വിശദാംശങ്ങള്‍, പ്രവേശനപരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങള്‍ ഞാന്‍ അന്വേഷിച്ചു. അതിന് വ്യക്തമായ വിവരങ്ങള്‍ തന്നു. സര്‍, ഇത് ആര്‍ക്കു വേണ്ടിയാണ് എന്ന് ചോദിച്ചു. എന്റെ മകന്‍ അഖിലിനു വേണ്ടിയാണ് എന്നു പറഞ്ഞു. തുടര്‍ന്ന് കുടുംബങ്ങളുടെ കാര്യങ്ങള്‍ സംസാരിച്ചു. പക്ഷേ, ഏതാനും മണിക്കൂറുകൊണ്ട് അവള്‍ സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയി.
ഫാതിമയുടേത് ആത്മഹത്യയാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ കാരണവും ആത്മഹത്യ കുറിപ്പില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു. സുദര്‍ശന്‍ പത്മനാഭന്‍ എന്ന അദ്ധ്യാപകന്റെ വര്‍ഗീയമായ പകയെ പറ്റി ഫാതിമ സൂചിപ്പിച്ചിട്ടുണ്ടത്രെ. സുദര്‍ശന്‍ പത്മനാഭനാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ് പറയുന്നു. (ഇന്റേണല്‍ അസസ്‌മെന്റ് നിലനില്‍ക്കുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് വര്‍ഗീയത മാത്രമല്ല, നിരവധി ചൂഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.) ഇന്ത്യയുടെ അത്യുന്നതനിലവാരമുള്ള ഐ ഐ ടിക്കകത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിഷവിത്തുകള്‍ വ്യാപകമാകുന്നതായി ചില സുഹൃത്തുക്കള്‍ ഇതിനകം ഉദാഹരണങ്ങളോടെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ വര്‍ഗീയവികാരം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നത് ഇനിയും കൂടുതലായി പുറത്തുവരേണ്ടതുണ്ട്. ഫാതിമയുടെ വാപ്പ ലതീഫിക്ക വര്‍ഗീയതയുടെ ഉള്ളടക്കം ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാതിമയുടെ വേര്‍പാട് ഞങ്ങളെ പ്രത്യക്ഷത്തില്‍ ബാധിച്ച വേദനയാണ്. അതുകൊണ്ടുതന്നെ സംഭവം ഉണ്ടായതിനു ശേഷം എനിക്കോ, ബീനക്കോ സാധാരണ നിലയിലേക്ക് പൂര്‍ണമായി വരാനായിട്ടില്ല. എന്തിലേക്കൊക്കെ പോയാലും ഒടുവില്‍ ഈ വേദനയില്‍ തിരിച്ചെത്തുന്നു. ഇന്ന് സ്‌കൂളില്‍ രാവിലെ ഈ വിഷയത്തില്‍ കുട്ടികളെ അഭിസംബോധന ചെയ്തപ്പോഴും നിയന്ത്രണം വിടാതിരിക്കാന്‍ ആവതും നോക്കി. അതിനിടയില്‍ ഈ ദുരന്തം വാര്‍ത്താമാദ്ധ്യമങ്ങളിലെത്തിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും ശ്രമിച്ചു. സൗഹൃദവലയത്തിലുള്ള ഒന്നുരണ്ട് മാദ്ധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പങ്കുവെച്ചു. അവര്‍ അത് ഗൗരവമായി എടുക്കുകയും ചെയ്തു. ഇപ്പോള്‍ ദേശീയമാദ്ധ്യമങ്ങളില്‍ വരെ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ വരുന്നുണ്ട്. ഫാതിമ നഷ്ടമായി. എന്നാല്‍ ഇനിയും നമ്മുടെ മക്കള്‍ വലിയ സ്വപ്നങ്ങളോടെ, അവരുടെ സ്വന്തം കഴിവിന്റെ മാത്രം തിളക്കത്തില്‍, കരുത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടും. എന്നാല്‍ അവിടെ പതിയിരിക്കുന്ന കൊടുംവിഷവിത്തുകള്‍ നമ്മുടെ മക്കള്‍ക്ക് ഈ വിധിയാണ് സമ്മാനിക്കുന്നതെങ്കില്‍ ഏതുതരം രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നു. മതവര്‍ഗീയത വെച്ചുപുലര്‍ത്തുന്നവര്‍ക്ക് എല്ലാ പിന്തുണയും ലഭ്യമാകുന്ന ഈ കാലത്ത് ഇത്തരക്കാര്‍ക്ക് ഏത് സ്ഥാപനങ്ങളിലും കയറിപ്പറ്റാനും അവിടെ വാഴാനും എല്ലാ സൗകര്യങ്ങളും ഉണ്ടാകും. മൊബൈലിലെ ചെറു നോട്ടില്‍ ഫാതിമ മരണകാരണം വ്യക്തമാക്കുന്നതായി കാണാം. കൂടാതെ വിശദാംശങ്ങള്‍ നോട്പാഡിലുണ്ടെന്നും പറയുന്നു. ഇതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്.
എന്നോട് ഒരു ദിവസം എന്റെ ഒരു സ്‌നേഹിത ചോദിച്ചു, ഇന്ത്യയില്‍ ജീവിക്കാന്‍ ഭയം തോന്നുന്നുണ്ടോ എന്ന്. ഞാന്‍ പറഞ്ഞു, ഉണ്ട്.
ഇപ്പോള്‍ ആ ഭയം പല കാരണങ്ങളാല്‍ ഏറുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസമികവിന്റെ ഏറ്റവും ഉല്‍കൃഷ്ടമാതൃകയായ ഐ ഐ ടിയുടെ കഥ ഇതാണെങ്കില്‍ നമ്മളിനി ആരില്‍ പ്രതീക്ഷ അര്‍പ്പിക്കണം? ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും പെണ്‍-ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നുവരാതിരിക്കാന്‍ ഭയം സൃഷ്ടിക്കുക എന്നതും ഇത്തരം ക്രൂരതയ്ക്ക് കാരണമാകാം. ഈ രോഗത്തിന് ചികിത്സ നല്‍കാന്‍ നമ്മള്‍ ഏത് ഭിഷഗ്വരനോടാണ് പറയുക?
Leave a Reply