വിഷവാതകം പുറത്തുവരുമെന്ന ആശങ്കയില്‍ സ്വീഡിഷ് ഫര്‍ണിച്ചര്‍ കമ്പനിയായ ഐക്കിയ തങ്ങളുടെ പുതിയ പാചകോപകരണം തിരികെ വിളിച്ചു. എല്‍ദ്സ്ലാഗ എന്ന ഗ്യാസ് ഹോബ് ആണ് തിരികെ വിളിച്ചത്. കാര്‍ബണ്‍ മോണോക്‌സൈഡ് ഉദ്പാദിപ്പിക്കുന്നുവെന്ന ഭീതിയെത്തുടര്‍ന്നാണ് ഉല്‍പ്പന്നം തിരികെ വിളിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം ജനുവരി 1ന് മുമ്പായി വാങ്ങിയ ഈ മോഡലിലുള്ള ഹോബുകളിലെ മുകളില്‍ വലതുവശത്തായുള്ള റാപ്പിഡ് ബര്‍ണറില്‍ നിന്നാണ് വിഷവാതകം പുറത്തു വരുന്നതെന്നും ഇവ ഉപയോഗിക്കരുതെന്നും ഉപഭോക്താക്കളോട് കമ്പനി ആവശ്യപ്പെട്ടു.

എന്നാല്‍ ഈ പ്രശ്‌നം മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ഉല്‍പ്പന്നം തിരികെ വിളിക്കുന്നതെന്നും പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. സ്‌ഫോടനത്തിനും തീപിടിത്തത്തിനും വരെ ഈ ഗ്യാസ് ഹോബിന്റെ ഉപയോഗം വഴിവെച്ചേക്കാം. ബെല്‍ജിയന്‍ മാര്‍ക്കറ്റ് നിരീക്ഷണ അതോറിറ്റി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 21 യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയില്‍ നിന്ന് ഉല്‍പ്പന്നം തിരികെ വിളിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളേക്കാള്‍ അധികം കാര്‍ബണ്‍ മോണോക്‌സൈഡ് ഈ ഹോബില്‍ നിന്ന് പുറത്തു വരുന്നുണ്ടെന്നാണ് വ്യക്തമായത്.

ഹോബിന്റെ തകരാര്‍ വീടുകളിലെത്തി പരിഹരിക്കാമെന്നും ടെക്‌നീഷ്യന്‍മാര്‍ സൗജന്യമായി ഇത് ചെയ്തു തരുമെന്നും ഐക്കിയ അറിയിച്ചു. റാപ്പിഡ് ബര്‍ണറിന് മാത്രമാണ് ഈ തകരാറുള്ളത്. മറ്റു ബര്‍ണറുകള്‍ സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി. റിപ്പയര്‍ സമയം ബുക്ക് ചെയ്യാന്‍ 0203 645 0010 എന്ന നമ്പറില്‍ വിളിക്കാനും കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നു.