ഇലന്തുര്‍ നരബലി കേസില്‍ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫിയുടെ ക്രൂരകൃത്യങ്ങള്‍ ഓരോന്നായി പുറത്തുവരുന്നു. പതിനാറാം വയസ്സില്‍ ഇടുക്കിയില്‍ നിന്ന് നാടുവിട്ട ഷാഫി അന്ന് മുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. നരബലി കേസില്‍ പിടിയിലാകും മുന്‍പ് എട്ടു ക്രിമിനല്‍ കേസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020ല്‍ 75കാരിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗത്ത് കത്തികുത്തിയിറക്കിയതാണ് അതില്‍ ഏറ്റവും ക്രൂരമായ സംഭവം. ഷാഫി നടത്തിയ മറ്റ് കുറ്റകൃത്യങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഷാഫി കുട്ടികളെയും വലയിലാക്കി ദുരുപയോഗിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെ പ്രലോഭിപിപ്പിച്ച് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഇരകളെ കൊണ്ടുവരുന്നതിന് ഭഗവല്‍ സിംഗ് മുഹമ്മദ് ഷാഫിക്ക് കാര്‍ വാങ്ങി നല്‍കിയിരുന്നു. ഈ സ്‌കോര്‍പിയോ കാറിലാണ് ഒടുവില്‍ കൊല്ലപ്പെട്ട പത്മയെ ഇലന്തൂരില്‍ എത്തിച്ചത്. ഈ കാറില്‍ പത്മയെ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ഈ കേസില്‍ നിര്‍ണായകമായത്.