ലോഡ്ജ്മുറിയിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജ് (34) ആണ് മരിച്ചത്. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കർ (34) ആണ് ഹൊസ്ദുർഗ് പോലീസിൽ കീഴടങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സതീഷ് പോലീസ് സ്റ്റേഷനിലെത്തി ദേവികയെ കൊലപ്പെടുത്തിയെന്നറിയിച്ചത്. ജീവിക്കാനനുവദിക്കാത്തതിനാലാണ് കൃത്യം നിർവഹിച്ചതെന്ന് പറഞ്ഞ സതീഷ് മുറിയുടെ താക്കോലും പോലീസിന് കൈമാറി. ഉടൻ ഇൻസ്പെക്ടർ കെ.പി.ഷൈനും പോലീസുകാരും ലോഡ്ജിലെത്തി. നാലാം നിലയിലെ മുറി തുറന്നപ്പോൾ ദേവിക രക്തം വാർന്നൊഴുകിയ നിലയിൽ കിടക്കുന്നതാണ് കണ്ടത്.
കാസർകോട് ‘മൈൻ’ ബ്യൂട്ടിപാർലർ നടത്തുന്ന ദേവികയും സെക്യൂരിറ്റി ഏജൻസി നടത്തുന്ന സതീഷും ഒൻപത് വർഷത്തോളമായി പരിചിതരാണെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസത്തോളമായി സതീഷ് ലോഡ്ജിൽ താമസിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പുറത്തേക്കുപോയി 11 മണിയോടെയാണ് ദേവികയുമായെത്തിയത്. ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്.
തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നിൽക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പൊലീസിനോടു വെളിപ്പെടുത്തി. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു.
ഉച്ചയ്ക്ക് 2.45-ഒാടെ സതീഷ് ഭാസ്കർ ഇറങ്ങിപ്പോകുന്നത് കണ്ടതായി ലോഡ്ജ് ജീവനക്കാർ പോലീസിന് മൊഴി നൽകി. ഇൻസ്പെക്ടറും സംഘവുമെത്തിയപ്പോഴാണ് കൊല നടന്ന കാര്യം ലോഡ്ജിലുള്ളവരും സമീപത്തെ ഹോട്ടലിലുള്ളവരുമെല്ലാം അറിയുന്നത്.
ഉദുമ കുണ്ടോളംപാറയിലെ പരേതനായ ബാലകൃഷ്ണന്റെയും പ്രേമയുടെയും മകളാണ് ദേവിക. സതീഷിന് ഭാര്യയും മക്കളുമുണ്ട്. ദേവികയ്ക്ക് ഭർത്താവും മക്കളുമുണ്ട്.
Leave a Reply