കോഴിക്കോട് ∙ ‘‘ഞാൻ നാട്ടിലേക്കു വരികയാണ്. അച്ഛനും അമ്മയുമെല്ലാം നാളെ വരും’’ – നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മൂത്തമകൻ മാധവ് (6) ബന്ധുവായ അനൂപിനോടു ഫോണിൽ പറഞ്ഞതിങ്ങനെ.

അച്ഛനുമമ്മയും ഭക്ഷ്യവിഷബാധയേറ്റ് നേപ്പാളിലെ ആശുപത്രിയിലാണെന്നാണ് മാധവിനോടു പറഞ്ഞിരിക്കുന്നത്. അവർക്കും കുഞ്ഞനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയിൽ ഉറങ്ങിയതിനാലാണ് മാധവ് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്.

രഞ്ജിത്തിന്റെ സുഹൃത്തുക്കൾക്കൊപ്പമാണു കുട്ടി നേപ്പാളിൽനിന്നു ഡൽഹിയിലെത്തിയത്. ഇന്ദുലക്ഷ്മിയുടെ സഹോദരീഭർത്താവ് അനീഷ് ശ്രീധർ കരസേനയുടെ സിഗ്നൽ കോറിൽ ഉദ്യോഗസ്ഥനാണ്. വിവരമറിഞ്ഞയുടൻ ന്യൂഡൽഹിയിലെത്തിയ അനീഷ് അവിടെനിന്നു മാധവിനെ നാട്ടിലേക്ക് ഒപ്പം കൂട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി രണ്ടു ഘട്ടമായാണ് നാട്ടിലെത്തിക്കുക. പ്രവീൺകുമാർ– ശരണ്യ ദമ്പതികളുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ ഇന്നു പകൽ 11 മണിയോടെ ഡൽഹിയിലെത്തിക്കും. തുടർന്ന് വൈകിട്ട് ആറിനുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് രാത്രി 10.30നു തിരുവനന്തപുരത്ത് എത്തിക്കും. സംസ്കാരം നാളെ രാവിലെ 9ന്.

രഞ്ജിത്കുമാർ– ഇന്ദുലക്ഷ്മി ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞു 3.30നാകും ഡൽഹിയിലെത്തിക്കുക. നാളെ രാവിലെ 9.05നുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് ഉച്ചയ്ക്കു 12നു കോഴിക്കോട്ട് എത്തിക്കും. മരിച്ച എട്ടുപേരുടെയും പോസ്റ്റ്മോർട്ടം നടത്തി.