ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസെക്സിലെ ഏപ്പിംഗിൽ 14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരൻ കുറ്റം നിഷേധിച്ചു. താൻ ഒരു വന്യമൃഗമല്ലെന്നാണ് വിചാരണ വേളയിൽ എത്യോപ്യയിൽ നിന്നുള്ള ഹദുഷ് കെബാട്ടു പറഞ്ഞത്. എന്നാൽ ഇയാൾ പെൺകുട്ടിയെ ബലമായി ചുംബിക്കാൻ ശ്രമിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്.
ജൂലൈ 7, 8 തീയതികളിൽ നടന്ന രണ്ട് സംഭവങ്ങളിൽ ഇയാൾ പെൺകുട്ടിയോടും അവളുടെ സുഹൃത്തിനോടും നീ ഒരു നല്ല ഭാര്യയാകും എന്ന് പറഞ്ഞതായും ആരോപിക്കപ്പെടുന്നുണ്ട്. എന്നാൽ കുറ്റം നിഷേധിച്ചുകൊണ്ട് ആ പെൺകുട്ടി വളരെ ചെറുപ്പമാണെന്നും തന്റെ മകൾ ആകാനുള്ള പ്രായമുള്ള ആളാണെന്നുമാണ് ഇയാൾ പറഞ്ഞത്. പെൺകുട്ടികളോട് അവരോടൊപ്പം ഒരു കുഞ്ഞ് ജനിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ ഒരിക്കലും ഇല്ല എന്ന് അയാൾ പറഞ്ഞു. താൻ എത്യോപ്യയിലെ ഒരു കായിക അധ്യാപകനാണെന്നും പ്രതി കൂട്ടിച്ചേർത്തു. ലൈംഗികാതിക്രമം, ലൈംഗികാതിക്രമ ശ്രമം, ഒരു പെൺകുട്ടിയെ ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ആണ് ഇയാളുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത് .
അഭയാർത്ഥിയായി എത്തിയ ആൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവം യുകെയിൽ കടുത്ത കുടിയേറ്റ വിരുദ്ധ സമരങ്ങൾക്കാണ് വിത്തുപാകിയത് . കെബാട്ടു അഭയാർത്ഥിയായി താമസിച്ചിരുന്ന ദി ബെൽ ഹോട്ടലിന് പുറത്ത് അദ്ദേഹത്തിന്റെ അറസ്റ്റ് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുടെയും എതിർ പ്രകടനങ്ങളുടെയും ഒരു തരംഗത്തിന് കാരണമായി. ഈ സംഭവത്തിന് ശേഷം അധികം താമസിയാതെ കൗൺസിൽ അധികാരികൾ അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് വിധി സമ്പാദിച്ചിരുന്നു . സമാനമായി യുകെയിലെങ്ങും ഇത്തരം ഹോട്ടലുകൾക്ക് എതിരെ വിധി നേടിയെടുക്കാനുള്ള നീക്കത്തിലാണ് കൺസർവേറ്റീവുകളും ലേബറുകളും ഭരിക്കുന്ന കൗൺസിലുകൾ. ഈ സാഹചര്യം ലേബർ പാർട്ടി ഭരിക്കുന്ന കൗൺസിലുകളെയും സർക്കാരിനെയും കൂടുതൽ സമ്മർദ്ധത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Leave a Reply