ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്ലിഫ്റ്റൺ സസ്പെൻഷൻ ബ്രിഡ്ജിൽ രണ്ട് സ്യൂട്ട്കേസുകളിലായി മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ട സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച സ്ഥലത്തേയ്ക്ക് ഇയാളെ എത്തിച്ച ടാക്സി ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായകമായത്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


അഡിഡാസ് ബേസ്ബോൾ തൊപ്പി, കറുത്ത ജീൻസ്, കറുത്ത ജാക്കറ്റ്, കട്ടിയുള്ള വെളുത്ത കാലുകളുള്ള കറുത്ത ട്രെയിനർ എന്നിവയാണ് പ്രതി ധരിച്ചിരിക്കുന്നത് . ഒരു കറുത്ത ബാഗും ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നു. കൂടാതെ ഒരു സ്വർണക്കമ്മലും ഇയാൾ ധരിച്ചിരുന്നു. സ്യൂട്ട്‌കേസുകൾ ഉപേക്ഷിച്ചതിന് ശേഷം ലീ വുഡ്‌സിൻ്റെ ദിശയിലേക്ക് പ്രതി പോയെന്നാണ് കരുതുന്നതെന്ന് ആക്ടിംഗ് ബ്രിസ്റ്റോൾ കമാൻഡർ വിക്‌സ് ഹേവാർഡ്-മെലൻ പറഞ്ഞു.


സ്യൂട്ട്കേസുകൾ പാലത്തിലേക്ക് എടുത്തയാളെ കണ്ടെത്തുക, മരിച്ചയാളെ തിരിച്ചറിയുക, അടുത്ത ബന്ധുക്കളെ കണ്ടെത്തുക എന്നിവയാണ് പോലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. സ്പെഷ്യലിസ്റ്റ് ക്രൈം സീൻ ഇൻവെസ്റ്റിഗേറ്റർമാർ നിലവിൽ പാലവും ചുറ്റുപാടും പരിശോധിക്കുന്നുണ്ട്. പരിശോധന നടക്കുന്ന സമയത്ത് പാലത്തിലേയ്ക്കുള്ള ഗതാഗതവും പൊതുജനങ്ങൾ പ്രവേശിക്കുന്നതും നിരോധിച്ചിരുന്നു. പാലത്തിനു സമീപമുള്ള കാടുപിടിച്ച പ്രദേശങ്ങളിലേക്കു കൂടി പോലീസ് തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതിയെന്ന് സംശയിക്കുന്ന ആളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാൽ 9 9 9 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് പോസ്റ്റുമോർട്ടം നടത്തിയിരുന്നു. എന്നാൽ കൊല്ലപ്പെട്ട ആളുടെ പ്രായം എത്രയാണെന്നോ സ്ത്രീയാണോ പുരുഷനാണോ എന്നീ കാര്യങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.